തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയംവദ കൃഷ്ണന്‍. ചിത്രത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചിരുന്നു. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ പ്രിയംവദ ‘സംശയം’, ‘നരിവേട്ട’ എന്നീ ചിത്രങ്ങളിലും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
നരിവേട്ടയിലെ കഥാപാത്രമാണ് താരത്തെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതയാക്കിയത്. ചിത്രത്തില്‍ ജേക്സ് ബിജോയ് സംഗീതം നല്‍കിയ മിന്നല്‍ വള എന്ന ഗാനം കേരളക്കര ഒന്നടങ്കം ഏറ്റുപാടി. അടുത്തിടെ പൃഥ്വിരാജ് നായകനായെത്തിയ വിലായത്ത് ബുദ്ധയിലും പ്രിയംവദ പ്രധാനവേഷത്തിലെത്തിയിരുന്നു. ജി.ആര്‍ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ സംവിധാനം ചെയ്തത് ജയന്‍ നമ്പ്യരാണ്.
ഇപ്പോഴിതാ, തൊട്ടപ്പന്‍, വിലായത്ത് ബുദ്ധ എന്നീ കഥകള്‍ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട ശേഷമാണ് താന്‍ വായിച്ചതെന്ന് പ്രിയംവദ പറയുന്നു.
‘വിലായത്ത് ബുദ്ധയുടെ കഥയും സ്‌ക്രിപ്റ്റും വായിച്ചപ്പോള്‍ ഇത്രയും ശക്തമായൊരു കഥാപാത്രം വിശ്വസിച്ച് എന്നെ എല്‍പിച്ചല്ലോ എന്നു സന്തോഷം തോന്നി. മുത്തങ്ങ സമരവും അനുബന്ധമായ സംഭവങ്ങളും എന്റെ തലമുറയില്‍ പെട്ട പലര്‍ക്കും അറിയില്ല. കേട്ടിട്ടുണ്ട് എന്നതില്‍ കവിഞ്ഞ അറിവ് എനിക്കും ഉണ്ടായിരുന്നില്ല. അതറിയാത്ത ഞാനടക്കമുള്ള തലമുറയ്ക്ക് ആ സംഭവത്തെക്കുറിച്ച് അറിവു നല്‍കി എന്നതാണു സിനിമയുടെ പ്രാധാന്യം.
വിനായകന്‍, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവീനോ തോമസ്, ഷമ്മി തിലകന്‍, ഷറഫുദ്ദീന്‍ എന്നിങ്ങനെ ഒരുപാട് മികച്ച അഭിനേതാക്കളുടെ കൂടെ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. അഭിനയത്തിനായി അവര്‍ എടുക്കുന്ന തയാറെടുപ്പുകള്‍, ശ്രമങ്ങള്‍ എല്ലാം ക്യാമറയ്ക്കു മുന്നില്‍ എങ്ങനെ കഥാപാത്രമാകുന്നു, ഡയലോഗുകള്‍ എങ്ങനെ പറയുന്നുതുടങ്ങി ഓരോന്നും ഫിലിം സ്‌കൂളില്‍ പഠിക്കാന്‍ ആഗ്രഹിച്ചു നടക്കാതെ പോയ എനിക്ക് കിട്ടിയ ക്ലാസുകളാണ്,’ പ്രിയംവദ പറയുന്നു.
ഷമ്മി തിലകനുമായി ഒരേ സമയത്താണ് താന്‍ ഒരു കട്ടില്‍ ഒരു മുറിയും വിലായത്ത് ബുദ്ധയും എന്നീ സിനിമകളില്‍ അഭിനയിച്ചതെന്നും ഒന്നില്‍ തന്റെ സ്നേഹമുള്ള അച്ഛനും, മറ്റൊന്നില്‍ തന്നോട് രസത്തിലല്ലാത്ത മാഷും ആയാണ് അദ്ദേഹം അഭിനയിച്ചതെന്നും നടി പറഞ്ഞു. ആ മാറ്റം അദ്ഭുതപ്പെടുത്തിയെന്നും പ്രിയംവദ കൂട്ടിച്ചേര്‍ത്തു.
Content Highlight: Priyamvada about vilayadhbudha movie