| Monday, 15th June 2026, 10:17 am

പ്രിയദര്‍ശിനിക്ക് തുടക്കം; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

നിഷാന. വി.വി

തിരുവനന്തപുരം: സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്റേഴ്‌സിനുമുള്ള കെ.എസ്.ആര്‍.ടിസി ഓഡിനറി ബസിലുള്ള സൗജന്യ യാത്രയ്ക്ക് തുടക്കം. പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിച്ചു.

ഗതാഗതമന്ത്രി സി.പി ജോണ്‍, മന്ത്രിയായ കെ.എ തുളസി, തിരുവനന്തപുരത്തെ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും ആദ്യ യാത്രക്കാരായി ബസിലുണ്ടായിരുന്നു. തമ്പാനൂര്‍ ഡിപോയിലായിരുന്നു ഉദ്ഘാടനം. ഇത് അഭിമാന നിമിഷമാണെന്നായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്.

ഇത് സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും അഭിമാനത്തോടെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വാഹനത്തില്‍ യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇത് കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമല്ലെന്നും ഭാവിയില്‍ സര്‍ക്കാര്‍ തുകവേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്ക് സൗജന്യം നല്‍കിയാല്‍ അത് സമ്പാദ്യമാകും, ആ പണം സര്‍ക്കാരിന് കിട്ടുമെന്നും എന്നാല്‍ പുരുഷന്‍മാര്‍ക്ക് സൗജന്യം നല്‍കിയാല്‍ ആ പണം വീട്ടിലെത്തില്ലെന്നും അത് എവിടെ പോകുമെന്ന് ഏവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രിയും സംഘവും വനിതകള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സിയില്‍ പി.എസ്.സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി ഷീലയാണ് ഉദ്ഘാടന യാത്രയിലേയും ഡ്രൈവര്‍.

പരിപാടിയില്‍ മന്ത്രി സി.പി.ജോണ്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസില്‍ യാത്ര ചെയ്തു. തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്ന് സെക്രട്ടേറിയറ്റ് വരെയാണു യാത്ര. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു.

Content Highlight: Priyadarshini begins; Chief Minister inaugurates

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more