| Monday, 16th March 2026, 10:59 pm

അത്രയും നേരം തിക്കുറിശ്ശി ചേട്ടനുമൊത്ത് തമാശ പറഞ്ഞ ലാലു ആക്ഷന്‍ പറഞ്ഞപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു: പ്രിയദര്‍ശന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ബോളിവുഡില്‍ തന്റെതായ സ്ഥാനം സൃഷ്ടിച്ച അവതാരകനാണ് പ്രിയദര്‍ശന്‍. കരിയറില്‍ ഇതിനോടകം നൂറോളം ചിത്രങ്ങള്‍ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി സംവിധാനം ചെയ്ത പ്രിയദര്‍ശന്‍ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് പ്രിയന്‍ മലയാള സിനിമക്ക് സമ്മാനിച്ചത്.

കാലാപാനി സെറ്റില്‍ നിന്നും. Photo: Sreen/ TOI

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എക്കലത്തെയും മികച്ച ചിത്രങ്ങളായ കാലാപാനി, മിഥുനം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, വന്ദനം, ബോയിങ് ബോയിങ് തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമാ പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചവയാണ്. പ്രിയദര്‍ശന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ഭൂത് ബംഗ്ലായുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മിഥുനം എന്ന ചിത്രത്തിന്റെ ഷൂട്ടിനിയടിയില്‍ മോഹന്‍ലാലുമായുണ്ടായ അനുഭവത്തെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘മിഥുനം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ്. അതിലൊരു ലോങ് ഷോട്ടുണ്ടായിരുന്നു. അതില്‍ സൂര്യന്‍ താഴേക്ക് എത്താന്‍ വേണ്ടി ക്യാമറയെല്ലാം സെറ്റ് ചെയ്ത് മുഴുവന്‍ ടീമും കാത്തിരിക്കുകയാണ്. മൂന്ന് പേജോളമുള്ള ഡയലോഗ് പറഞ്ഞ് ലാലുവിന്റെ (മോഹന്‍ലാല്‍) കഥാപാത്രം തന്റെ അച്ഛന്റെ കാല്‍ക്കല്‍ വീണ് കരയുന്ന ഷോട്ടാണ് എടുക്കേണ്ടത്. ഡയലോഗ് എഴുതിയ പേജുകളെല്ലാം ലാലു മറിച്ച് നോക്കിയിട്ട് എനിക്ക് തന്നു. എല്ലാ കഥാപാത്രങ്ങളെയും അതത് സ്ഥാനങ്ങളില്‍ നിര്‍ത്തി അവരോട് അനങ്ങരുതെന്ന് പറഞ്ഞു.

സൂര്യന്‍ വരുമ്പോള്‍ അച്ഛനെ കെട്ടിപിടിച്ച് എല്ലാം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് പൊട്ടികരയുകയാണ് അദ്ദേഹം ചെയ്യേണ്ടത്. എന്നാല്‍ അവരുടെ അടുത്ത് പോയി നോക്കിയപ്പോള്‍ തിക്കുറിശി ചേട്ടനോട് എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്. പക്ഷേ സൂര്യന്‍ വന്നപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി, അത് കണ്ട് എല്ലാവരും കരഞ്ഞു.

ഷോട്ട് ഞാന്‍ കട്ട് പറഞ്ഞപ്പോള്‍ ഓക്കെ ആണോ എന്നെന്നും ലാലു ചോദിച്ചില്ല. അത്രയും നേരം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ തന്നെ അവര്‍ തുടര്‍ന്ന് കൊണ്ടിരുന്നു. സെറ്റിലുള്ളവരാര്‍ക്കും അത് വിശ്വസിക്കാന്‍ സാധിച്ചില്ല,’ പ്രിയദര്‍ശന്‍ പറഞ്ഞു.

ഭൂത് ബംഗ്ലാ. Photo: Gossip Wala

മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമെന്ന പോലെ ഹിന്ദിയില്‍ അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് പേരുകേട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. താരത്തിനൊപ്പമുള്ള പുതിയ ചിത്രം ഭൂത് ബംഗ്ലാ ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സ്ലാപ് സ്റ്റിക്ക് കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്ലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Content Highlight: Priyadarshan talks about Mohanlal’s performance in Midhunam Movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more