| Friday, 13th March 2026, 8:00 am

അച്ഛനെന്ന നിലയില്‍ അഭിമാനം; കല്ല്യാണിയെക്കുറിച്ച് പ്രിയദര്‍ശന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയില്‍ ഭാഷാവ്യത്യാസമില്ലാതെ മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക് സമ്മാനിച്ച അഭിനേതാവാണ് പ്രിയദര്‍ശന്‍. മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഹിന്ദിയടക്കമുള്ള അന്യഭാഷ സിനിമാ മേഖലകളില്‍ തന്റെതായ സ്ഥാനം കണ്ടെത്താന്‍ പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട്. ഹെരാ ഫേരി, ഭൂല്‍ ഭുലയ്യ, ഭാഗം ഭാഗ്, ധോല്‍, ഖരം മസാല തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് ഹിന്ദിയില്‍ താരം സംവിധാനം ചെയ്തിട്ടുള്ളത്.

പ്രിയദര്‍ശന്റെ പഴയ ഫോട്ടോ. Photo: The Indin Express

സംവിധായകനായ അച്ഛന് പിന്നാലെ മകള്‍ കല്ല്യാണി പ്രിയദര്‍ശനും സിനിമാജീവിതത്തിന് അരങ്ങേറ്റം കുറിച്ചിരുന്നു. 2017ല്‍ പുറത്തിറങ്ങിയ അഖില്‍ അക്കിനേനി ചിത്രം ഹലോയിലൂടെ അരങ്ങേറ്റം കുറിച്ച കല്ല്യാണി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ കല്ല്യാണിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഒരിക്കലും തന്റെ ചിത്രങ്ങളെക്കുറിച്ച് മകളുമായി ചര്‍ച്ചകള്‍ നടത്താറില്ലെന്നും തിരിച്ച് കല്ല്യാണിയും അങ്ങനെ തന്നെയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഇരുവരും രണ്ട് കാലഘട്ടത്തില്‍ പെട്ടവരായത് കൊണ്ടാണിതെന്നും അവര്‍ക്ക് അവരുടെതായ സിനിമാ മേക്കിങ് രീതികളുണ്ടെന്നും താന്‍ ഓള്‍ഡ് സ്‌കൂള്‍ ആണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു അച്ഛനെന്ന നിലയില്‍ കല്ല്യാണി കാഴ്ച്ചവെക്കുന്ന അതിശയകരമായ പ്രകടനത്തില്‍ അഭിമാനമുണ്ട്. അവള്‍ ഒരിക്കലും ക്യാമറക്ക് മുമ്പിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാരണം കുട്ടിക്കാലത്ത് ഫിലിം സെറ്റുകളില്‍ വരുന്ന ആളായിരുന്നില്ല കല്ല്യാണി. പിന്നീട് വലുതായപ്പോള്‍ ആര്‍കിടെക്ചര്‍ പഠിക്കാന്‍ വിദേശത്ത് പോയി. പെട്ടെന്ന് ഒരു ദിവസം നാഗാര്‍ജുന വിളിച്ച് ചോദിച്ചു അവള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന്. ഞാന്‍ പറഞ്ഞത് അവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നായിരുന്നു,’ പ്രിയദര്‍ശന്‍ പറഞ്ഞു.

എന്നാല്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന മനോഭാവത്തിലാണ് കല്ല്യാണി ആദ്യ ചിത്രത്തിലഭിനയിച്ചതെന്നും അഭിനയം ശരിയായില്ലെങ്കില്‍ ആര്‍കിടെക്റ്റായി തിരികെ മടങ്ങാന്‍ തയ്യാറിയിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു. കേരളത്തില്‍ താമസിക്കാത്തതുകൊണ്ട് മലയാളം അറിയാതിരുന്നിട്ടും ഭാഷ പഠിച്ചെടുത്താണ് കല്ല്യാണി സനിമയില്‍ സജീവമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്ല്യാണി. Photo: The Hans India

മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമെന്ന പോലെ ഹിന്ദിയില്‍ അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് പേരുകേട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. താരത്തിനൊപ്പമുള്ള പുതിയ ചിത്രം ഭൂത് ബംഗ്ലാ ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സ്ലാപ് സ്റ്റിക്ക് കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Content Highlight: Priyadarshan talks about his daughter kalyani’s surprise entry to acting

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more