| Wednesday, 2nd September 2026, 11:25 am

അക്ഷയ് കുമാറിന് മുമ്പ് നിരവധി താരങ്ങളെ സമീപിച്ചു, ‘ഹൈവാൻ’ എഴുതുമ്പോൾ മനസിലുണ്ടായിരുന്നത് ഇർഫാൻ ഖാൻ: പ്രിയദർശൻ

അജ്മല്‍ കെ

‘ഹൈവാൻ’ സിനിമയിലെ സൈക്കോപാത്ത് കഥാപാത്രത്തിനായി അക്ഷയ് കുമാറിന് മുമ്പ് നിരവധി താരങ്ങളെ താൻ സമീപിച്ചിരുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ. സിനിമ ആദ്യമായി എഴുതുമ്പോൾ ഏകദേശം പത്ത് വർഷം മുമ്പ് തന്റെ മനസിൽ ഉണ്ടായിരുന്നത് അന്തരിച്ച നടൻ ഇർഫാൻ ഖാനായിരുന്നുവെന്നും പ്രിയദർശൻ പറഞ്ഞു. ‘ഒപ്പം’ സിനിമയുടെ റീമേക്കായ ഹൈവാൻ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അക്ഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിരവധി പേരെ സമീപിച്ചിരുന്നു. ആരും സമ്മതിച്ചില്ല. ബോബിയെയും സമീപിച്ചിരുന്നു. ഒരാളെ മാത്രമല്ല, അദ്ദേഹത്തെപ്പോലെ നിരവധി പേരെ സമീപിക്കാൻ ശ്രമിച്ചു. ആരും സമ്മതിച്ചിരുന്നില്ല,’ പ്രിയദർശൻ പറഞ്ഞു.

പ്രിയദർശൻ. Photo. Screen Grab/ Youtube.com

താൻ ഇതുവരെ പരീക്ഷിക്കാത്ത എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ‘ഹൈവാൻ’ ഒരുക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ട് ഹൗസ് സിനിമകൾ മുതൽ വിവിധ തരത്തിലുള്ള കോമഡി സിനിമകളും ത്രില്ലറുകളും ഉൾപ്പെടെ നിരവധി ഴോണറുകൾ ചെയ്തിട്ടുണ്ട്. എന്നാൽ കോമഡി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പ്രിയദർശൻ പറഞ്ഞു.

‘ഒരാളെ കരയിപ്പിക്കാനും ഭയപ്പെടുത്താനും എളുപ്പമാണ്. എന്നാൽ ഒരാളെ ചിരിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് എനിക്ക് ഒരു ബ്രേക്ക് വേണമെന്ന് തോന്നി. ഒരു ത്രില്ലർ പരീക്ഷിക്കാമെന്ന് തീരുമാനിച്ചു. വളരെ സ്ലീക്ക് ആയ ഒരു ത്രില്ലർ ചെയ്യണമെന്നത് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.

സെയ്ഫ് അലി ഖാൻ ഹൈവാൻ ചെയ്യാമെന്ന് സമ്മതിച്ചതിന് ശേഷമാണ് സൈക്കോപാത്ത് കഥാപാത്രത്തിനായി അഭിനേതാക്കളെ സമീപിക്കാൻ തുടങ്ങിയത്. നിരവധി പേരെ സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. കഥാപാത്രത്തെ തങ്ങൾക്കനുസരിച്ച് മാറ്റണമെന്ന തരത്തിലുള്ള നിർദേശങ്ങൾ പലരിൽ നിന്നും വന്നതോടെ താൻ അതിന് തയ്യാറായിരുന്നില്ലെന്നും പ്രിയദർശൻ പറഞ്ഞു.

അതിനിടെയാണ് ‘ഭൂത് ബംഗ്ലാ’യുടെ ഷൂട്ടിനിടെ അക്ഷയ് കുമാറിനോട് സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. ശരിയായ നടനെ കണ്ടെത്താൻ കഴിയാത്തതിനാൽ സിനിമ ചെയ്യാൻ കഴിയില്ലെന്ന് അക്ഷയ്‌യോട് പറഞ്ഞിരുന്നു. കഥ എന്താണെന്ന് അക്ഷയ് ചോദിച്ചതോടെ കഥ പറയുകയായിരുന്നെന്നും പ്രിയദർശൻ പറഞ്ഞു.

പ്രിയദർശൻ. Photo. Facebook.com

‘ഷൂട്ട് കഴിഞ്ഞ് അക്ഷയ് വിളിച്ച്, ‘നിങ്ങൾ ഇപ്പോൾ പറഞ്ഞ ആ റോൾ എനിക്ക് ചെയ്യാമോ’ എന്ന് ചോദിച്ചു. അക്ഷയ് തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ താൻ സീരിയസായിട്ടാണ് പറയുന്നതെന്നും ആ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും അക്ഷയ് പറയുകയായിരുന്നു,’പ്രിയദർശൻ പറഞ്ഞു.

അപ്പോഴും അക്ഷയ് ഈ സിനിമ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷെ അദ്ദേഹം ഈ സിനിമയുടെ ഭാഗമായി. കഴിഞ്ഞ എട്ട് സിനിമകൾ ഞാൻ അക്ഷയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തന്നിലുള്ള അക്ഷയ്‌യുടെ വിശ്വാസവും ഈ തീരുമാനത്തിന് കാരണമായിരിക്കാമെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

Content Highlight: Priyadarshan Talks About haiwaan Movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more