| Sunday, 2nd November 2025, 12:54 pm

ജഗതിയുടെ റേഞ്ചുള്ള ഒരാള്‍ക്കേ ആ വേഷം ചെയ്യാന്‍ കഴിയു; അസ്രാണിയല്ലാതെ ഒരു പേരും മനസില്‍വന്നില്ല, ഓര്‍മകള്‍ പങ്കുവെച്ച് പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്തരിച്ച പ്രശസ്ത ഹിന്ദി നടന്‍ അസ്രാണി ഏറ്റവുമധികം അഭിനയിച്ചത് പ്രിയദര്‍ശന്റെ സിനിമകളിലാണ്. ഒപ്പത്തിന്റെ റീമേക്കായെത്തുന്ന ഹൈവാനില്‍ അഭിനയിക്കുമ്പോള്‍, ഒരു ഷോട്ട് മാത്രം ബാക്കി നില്‍ക്കവെയാണ് അദ്ദേഹം മരണമടഞ്ഞത്.

ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അസ്രാണിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രിയദര്‍ശന്‍. അസ്രാണിയുടെ വലിയ ആരാധകനാണ് പ്രിയദര്‍ശന്‍. അസ്രാണി ഭാഗമായ ഷോലെ അഭിമാന്‍, സീത ഓര്‍ ഗീത എന്നീ ചിത്രങ്ങളിലെ പ്രകടനം തന്നെ അമ്പരിപ്പിച്ചിട്ടുണ്ടെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

‘മോഹന്‍ലാല്‍ അഭിനയിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിന്റെ ഹിന്ദി റീമേക്കായ ഗര്‍ദിഷില്‍ ഞാന്‍ അദ്ദേഹത്തെയാണ് കാസ്റ്റ് ചെയ്തത്. കിരീടത്തില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ച റോള്‍ ആരെക്കൊണ്ട് ചെയ്യിക്കും എന്നതായിരുന്നു എന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ജഗതിയുടെ റേഞ്ചുള്ള ഒരാള്‍ക്കേ അത് ചെയ്യാനാവൂ. വെറുതേ കോമഡി കാണിച്ചാല്‍ പോരാ, അഭിനയവും വേണം. പലതരത്തില്‍ ആലോചിച്ചിട്ടും അസ്രാണിയല്ലാതെ ഒരുപേരും മനസില്‍വന്നില്ല,’ പ്രിയദര്‍ശന്‍ പറയുന്നു.

അസ്രാണി സെറ്റിലുണ്ടെങ്കില്‍ മറ്റെല്ലാ അഭിനേതാക്കള്‍ക്കും വലിയ ആവേശമാണെന്നും അദ്ദേഹം കസേരയിട്ടിരിക്കുന്നതിന് ചുറ്റും എല്ലാവരും ചെന്നിരിക്കുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഹിന്ദി സിനിമയിലെ പലകാലങ്ങള്‍ ആ കഥകളിലൂടെ ചുരുളഴിയുമെന്നും രാജ് കപൂറടക്കമുള്ള അഭിനേതാക്കള്‍ അസ്രാണി സാബിന്റെ കഥകളില്‍ പ്രധാന കഥാപാത്രങ്ങളാവുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

‘അക്ഷയ് കുമാര്‍ ഒരു കുട്ടിയെപ്പോലെ നിലത്തിരുന്ന് അസ്രാണി സാബിന്റെ കഥകള്‍ കേള്‍ക്കുന്ന ദൃശ്യം ഇപ്പോഴും എന്റെ മനസിലുണ്ട്. വളര കണിശമായ ചിട്ടയോടെ ജീവിച്ചയാളായിരുന്നു അസ്രാണി സാബ്. അതിരാവിലെ എഴുന്നേല്‍ക്കും. നടക്കും. ഒരു മണിക്കൂര്‍ നീണ്ട നടത്തത്തില്‍ മുഴുവന്‍ മൗനമാണ്. ഒരക്ഷരം ആരോടും സംസാരിക്കില്ല,’ പ്രിയദര്‍ശന്‍ പറയുന്നു.

Content highlight: Priyadarshan is sharing his memories with  Asrani 

We use cookies to give you the best possible experience. Learn more