| Sunday, 21st December 2025, 10:33 pm

മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ കണ്ണടച്ച് കിടന്നു; ശ്രീനി പോവുമ്പോള്‍ അടയുന്നത് നമ്മിലേക്ക് തുറന്നുവെച്ച രണ്ട് കണ്ണുകള്‍: പ്രിയദര്‍ശന്‍

ഐറിന്‍ മരിയ ആന്റണി

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ തന്റെ അനുശോചനം അറിയിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

ഒരുവര്‍ഷം നീണ്ട രണ്ട് ഹിന്ദി സിനിമകളുടെ ഷൂട്ടിങ് കഴിഞ്ഞ് കാലിന് അസുഖമായി ചെന്നൈയിലെ വീട്ടില്‍ കിടക്കുമ്പോഴാണ് ശ്രീനി പോയ വിവരം താനറിയുന്നതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അത് അറിഞ്ഞപ്പോള്‍ കുറേനേരം ഞാന്‍ കണ്ണടച്ചുകിടന്നു. ഒരുപാടൊരുപാട് രംഗങ്ങള്‍ ഉള്ളിലൂടെ കടന്നുപോയി. എല്ലാം ചിരിമയമായിരുന്നു. ശ്രീനിവാസന്‍ പോവുമ്പോള്‍ അടയുന്നത് നമ്മിലേക്ക് തുറന്നുവെച്ച രണ്ട് കണ്ണുകളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

നമ്മുടെ കുടുംബ ബന്ധങ്ങളിലേക്ക്, രാഷ്ട്രീയത്തിലേക്ക്, സാമൂഹികജീവിതത്തിലേക്ക്, അല്‍പ്പത്തരങ്ങളിലേക്ക്, മാനസികാവസ്ഥകളിലേക്ക്, ഞാനെന്ന ഭാവങ്ങളിലേക്ക് എല്ലാമെല്ലാം ജാഗ്രതയോടെ തുറന്നുവെച്ചിരുന്ന, ചിരിപുരണ്ട രണ്ട് കണ്ണുകള്‍.

ശ്രീനിവാസന്‍ ഒന്നേയുള്ളൂവെന്നും ഇനി ഇതിനൊരു തുടര്‍ച്ചയില്ലെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. സാഹിത്യത്തില്‍ സഞ്ജയനെപ്പോലെ, ബഷീറിനെപ്പോലെ, വി.കെ.എന്നിനെപ്പോലെ, കോമിക് ജീനിയസ് എന്ന് വി.കെ.എന്‍. വിളിക്കപ്പെട്ടതു പോലെയാണ് ശ്രീനിവാസനെന്നും അദ്ദേഹം പറഞ്ഞു.

അടുത്തകാലത്തായി കൂടെക്കൂടെ തങ്ങള്‍ കാണാറില്ലായിരുന്നുവെന്നും പക്ഷേ, ഫോണില്‍ ദീര്‍ഘമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Priyadarshan expresses his condolences on the demise of Sreenivasan

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more