| Saturday, 9th August 2025, 7:34 pm

അന്ന് ശ്രീനിക്ക് വേറെ വഴിയില്ലായിരുന്നു; പ്രിയന്റെ 'ഓടരുതമ്മാവാ ആളറിയാം' സിനിമയുണ്ടായ കഥ

വി. ജസ്‌ന

ആദ്യ സിനിമ തന്നെ വലിയ വിജയമായി നില്‍ക്കുന്ന സമയത്താണ് വീണ്ടുമൊരു സിനിമക്കായി തന്റെ കൈയിലൊന്നുമില്ലെന്ന യാഥാര്‍ഥ്യം പ്രിയദര്‍ശന്‍ തിരിച്ചറിയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ അയാള്‍ മദ്രാസിലെത്തി.

കയ്യില്‍ അടുത്ത സിനിമക്കായി കഥയില്ല. മനസാണെങ്കില്‍ ശൂന്യമാണ്. അവസാനം കുറേ സിനിമകളുടെ കാസറ്റുകള്‍ സംഘടിപ്പിച്ചു. അവയൊക്കെ കണ്ടു തീര്‍ത്തു. പിന്നെ അവയില്‍ നിന്നും കുറേ സീനുകള്‍ മോഷ്ടിച്ചു. അന്ന് പ്രിയദര്‍ശന് അയാളോട് തന്നെ കലിതോന്നി.

ജോഷിക്കും ഐ.വി. ശശിക്കുമൊക്കെ കഥയെഴുതി കൊടുക്കാന്‍ ഇവിടെ ആളുകളുണ്ട്. പക്ഷെ തനിക്ക് കഥയെഴുതി തരാന്‍ തിരക്കഥാകൃത്തുക്കളില്ല. ഇനി എന്തുചെയ്യും?

പൂച്ചക്കൊരു മൂക്കുത്തി, തിയേറ്ററില്‍ 100 ദിവസമോടിയ സിനിമ. പ്രിയദര്‍ശന്റെ ആദ്യ സംവിധാന ചിത്രം. എന്നാല്‍ ഏതൊരു ചലച്ചിത്രകാരന്റെയും ജീവിതത്തിലെ നിര്‍ണായക ഘട്ടമാണ് അയാളുടെ രണ്ടാം സിനിമ.

പൂച്ചക്കൊരു മൂക്കുത്തിക്ക് ശേഷം രണ്ടാമതൊരു സിനിമ ചെയ്തില്ലെങ്കില്‍ അയാളുടെ ചലച്ചിത്ര ജീവിതം അവിടെ അവസാനിക്കും.

പക്ഷെ പെട്ടെന്ന് പ്രിയന്റെ മനസിലേക്ക് ഒരാളുടെ മുഖം കടന്നുവന്നു, ശ്രീനിവാസന്‍. പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയില്‍ ശ്രീനിയും ഉണ്ടായിരുന്നു. ആ കഥ കേട്ടപ്പോള്‍ അയാളെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് ശ്രീനിയാണ്.

ഒരു റോള് കൊടുത്താല്‍ ശ്രീനിവാസന്‍ തന്നെ എഴുത്തില്‍ സഹായിക്കുമെന്ന് ഉറപ്പാണ്. ഒടുവില്‍ പ്രിയന് മുന്നില്‍ ആ മാര്‍ഗം തെളിഞ്ഞു. തന്റെ യഥാര്‍ഥ ലക്ഷ്യം പറയാതെ ശ്രീനിയെ അഭിനയിക്കാന്‍ വിളിച്ചു. വിളിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. ശ്രീനി പ്രിയനെ കാണാന്‍ വന്നു.

‘ഷൂട്ടിങ് തുടങ്ങണ്ടേ, തിരക്കഥ എവിടെ?’ ശ്രീനിവാസന്‍ അന്ന് പ്രിയദര്‍ശനോട് ചോദിച്ചു. ആ ചോദ്യം കേട്ടതും പ്രിയന്‍ ചിരിയൊതുക്കാന്‍ പാടുപെട്ടു. ‘തിരക്കഥ എഴുതി ശരിയാക്കിയാല്‍ പടം നടക്കും. ഇല്ലെങ്കില്‍ ഷൂട്ടിങ് മുടങ്ങും’ എന്നായിരുന്നു പ്രിയന്‍ നല്‍കിയ മറുപടി.

ആ അവസ്ഥയില്‍ ശ്രീനിയുടെ മുന്നില്‍ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. പ്രിയന്‍ റൈറ്റിങ് പാഡും പേനയും ശ്രീനിയുടെ നേരെ നീട്ടി. എന്നിട്ട് സീനെഴുതാന്‍ പറഞ്ഞു. അന്ന് അധികം തര്‍ക്കിക്കാന്‍ നില്‍ക്കാതെ ശ്രീനി ഒരു കഥ എഴുതി.

അങ്ങനെ പ്രതിസന്ധിക്കൊടുവില്‍ പ്രിയന് തന്റെ രണ്ടാമത്തെ സിനിമയുടെ കഥ ലഭിച്ചു. ഓടരുതമ്മാവാ ആളറിയാം, അന്ന് ശ്രീനി പ്രിയദര്‍ശന് വേണ്ടി എഴുതിയത് ഈ കഥയായിരുന്നു. നെടുമുടി വേണു, ശ്രീനിവാസന്‍, മുകേഷ്, ജഗദീഷ്, ശങ്കര്‍ തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രം. തിയേറ്റില്‍ എത്തിയപ്പോള്‍ മലയാളികള്‍ ഈ സിനിമ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

Content Highlight: Priyadarshan And Sreenivasan – Odaruthammava Aalariyam Movie

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more