| Friday, 13th March 2026, 7:00 pm

മമ്മൂട്ടിയുടെ ആ ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്തപ്പോള്‍ ഒരുപാട് അബദ്ധം സംഭവിച്ചു, എല്ലാത്തിനും കാരണം ഞാനാണ്: പ്രിയദര്‍ശന്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. 1984ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് പ്രിയദര്‍ശന്‍ സംവിധായക കുപ്പായമണിഞ്ഞത്. പിന്നീട് മലയാളത്തിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്കെത്തിയിരിക്കുകയാണ്.

അക്ഷയ് കുമാറുമായി കൈകോര്‍ക്കുന്ന ഭൂത് ബംഗ്ലാ റിലീസിനൊരുങ്ങുമ്പോള്‍ ഒപ്പത്തിന്റെ റീമേക്കായ ഹയ്‌വാന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ബോളിവുഡില്‍ ബാക്ക് ടു ബാക്ക് പ്രൊജക്ടുകള്‍ ചെയ്യുന്ന പ്രിയദര്‍ശനാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. കഴിഞ്ഞദിവസം അദ്ദേഹം പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖം വൈറലായിരിക്കുകയാണ്.

പ്രിയദര്‍ശന്‍ Photo: Screen grab/ Pinkvilla

സദസിലുണ്ടായിരുന്ന ഒരാള്‍ പ്രിയദര്‍ശന്റെ ബില്ലു എന്ന ചിത്രത്തെക്കുറിച്ച് ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധേയമായി. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ റീമേക്കായ ബില്ലു ബോക്‌സ് ഓഫീസില്‍ വേണ്ടത്ര തിളങ്ങാതെ പോയി. ഷാരൂഖ് ഖാനും ഇര്‍ഫാന്‍ ഖാനുമാണ് ബില്ലുവിലെ പ്രധാനവേഷം കൈകാര്യം ചെയ്തത്. ചിത്രം പരാജയമായതിന്റെ കാരണം താനാണെന്ന് പറയുകയാണ് പ്രിയദര്‍ശന്‍.

‘ബില്ലു എന്ന കഥാപാത്രം ഒരിടത്തും ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്നയാളല്ല. അതുകൊണ്ടാണ് ക്ലൈമാക്‌സില്‍ സാഹിര്‍ ഖാന്‍ അത്രയും പറഞ്ഞ ശേഷവും ബില്ലു അയാളുടെ അടുത്ത് ഒന്നും പറയാത്തത്. അയാളുടേതായ ആദര്‍ശങ്ങള്‍ ആ കഥാപാത്രത്തിനുണ്ട്. അതൊന്നും സിനിമയില്‍ കൃത്യമായി കാണിക്കാന്‍ സാധിച്ചിട്ടില്ല.

ഒരുപാട് പാട്ടുകള്‍ ആ സിനിമയില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിരുന്നു. പാട്ടുകളുടെ ഓവര്‍ഫ്‌ളോ കാരണം സ്‌ക്രിപ്റ്റിന് ബലം നല്‍കാന്‍ സാധിച്ചില്ല. അത് സിനിമക്ക് വലിയ തിരിച്ചടിയായി. ആ ഒരു ഏരിയ ശ്രദ്ധിച്ചിരുന്നെങ്കില്‍ പടം ഹിറ്റായേനെ. പിന്നെ ആ സിനിമയില്‍ ഷാരൂഖ് ഖാന്‍ ഒരു സൂപ്പര്‍സ്റ്റാറായാണ് അഭിനയിച്ചത്. അദ്ദേഹത്തിന് അതുകൊണ്ട് വലിയ നിര്‍ദേശമൊന്നും കൊടുക്കേണ്ടി വന്നില്ല.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരം ഒരു സൂപ്പര്‍സ്റ്റാറായി അഭിനയിക്കുമ്പോള്‍ എനിക്ക് വലിയ പ്രഷറില്ലായിരുന്നു. സ്‌ക്രിപ്റ്റില്‍ അദ്ദേഹം സൂപ്പര്‍സ്റ്റാറാണെന്ന് മാത്രമേ എഴുതിവെച്ചിട്ടുള്ളൂ. എങ്ങനെയാണോ അദ്ദേഹം സാധാരണയായി പെരുമാറുന്നത്, അത് ക്യാപ്ചര്‍ ചെയ്താല്‍ മതി,’ പ്രിയദര്‍ശന്‍ പറഞ്ഞു.

മലയാളം വേര്‍ഷനില്‍ മമ്മൂട്ടി ഗംഭീരമാക്കിയ അശോക് രാജ് എന്ന കഥാപാത്രത്തെയാണ് ഹിന്ദിയില്‍ സാഹിര്‍ ഖാന്‍ എന്ന പേരില്‍ ഷാരൂഖ് അവതരിപ്പിച്ചത്. വന്‍ ഹൈപ്പിലും ബജറ്റിലുമെത്തിയ ചിത്രം ശരാശരി വിജയം മാത്രമായിരുന്നു നേടിയത്.

Content Highlight: Priyadarshan about the failure of Billu Movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more