ന്യൂദല്‍ഹി: പി. ചിദംബരത്തിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകരെ പുകഴ്ത്തി കാര്‍ത്തി ചിദംബരം. അഭിഭാഷകരായ കപില്‍ സിബലിന്റെയും അഭിഷേക് മനു സിങ്‌വിയുടെയും വാദങ്ങളെ ‘മാസ്റ്റര്‍ ക്ലാസ്സ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയാണ് ഇരുവരും.
ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കപില്‍ സിബലിന്റെയും അഭിഷേക് മനു സിങ്‌വിയുടെ വാദങ്ങള്‍ കോടതിയില്‍ കേള്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മാസ്റ്റര്‍ ക്ലാസ്സ്.
കോടതി നടപടികള്‍ വീഡിയോ റെക്കോഡില്‍ സൂക്ഷിക്കണം. കോടതികാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവര്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും ഇതേറെ ഉപകാരപ്പെടും.’- അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു ഇന്നലെ പി.ചിദംബരം അറസ്റ്റിലായത്. ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.
നാടകീയമായായിരുന്നു ചിദംബരത്തിന്റെ അറസ്റ്റ്. അതുപോലെ തന്നെയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയില്‍ വെച്ചുകൊണ്ട് സി.ബി.ഐ അനുവര്‍ത്തിച്ച നടപടിക്രമങ്ങളും.
ഇന്ത്യാ ടുഡേയാണ് ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്തതു സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സി.ബി.ഐയിലെ ഒരുന്നത ഉദ്യോഗസ്ഥനെ പേരെടുത്തു പറയാതെ ഉദ്ധരിച്ചായിരുന്നു ഇത്.
അര്‍ധരാത്രി 12 മണിക്കാരംഭിച്ച ചോദ്യം ചെയ്യലില്‍ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സി.ബി.ഐ ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ലയും അതിലുണ്ടായിരുന്നു.
ദ്വയാര്‍ഥം വരുന്നതും വ്യക്തമാകാത്തതുമായിരുന്നു ചിദംബരത്തിന്റെ ഉത്തരങ്ങളില്‍ ഭൂരിഭാഗവും. പലതിനും അദ്ദേഹം മറുപടി പറഞ്ഞുമില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചോദ്യം ചെയ്യുന്നതിനു മുന്‍പുതന്നെ അദ്ദേഹത്തിനു വൈദ്യ പരിശോധന നടത്തിയിരുന്നു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ സി.ബി.ഐ ആസ്ഥാനത്തെത്തിയായിരുന്നു പരിശോധന.
പിന്നീട് ചോദ്യം ചെയ്യലിനു മുന്‍പ് അദ്ദേഹത്തിന് ഉദ്യോഗസ്ഥര്‍ ഭക്ഷണം നല്‍കാന്‍ തയ്യാറായെങ്കിലും വിസ്സമ്മതിച്ചു. പിന്നീട് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. 20 ചോദ്യങ്ങളായിരുന്നു സി.ബി.ഐയുടെ പക്കലുണ്ടായിരുന്നത്.
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.
പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയായിരുന്നു ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ രംഗത്തെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മൂന്നുതവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് സി.ബി.ഐ അറിയിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സി.ബി.ഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ പല തവണ എന്‍ഫോഴ്സ്മെന്റും സി.ബി.ഐയും ചോദ്യം ചെയ്തിരുന്നു.