| Monday, 21st September 2026, 8:56 pm

സ്വകാര്യ സര്‍വകലാശാലകള്‍ ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കരുത്; അഞ്ച് വര്‍ഷത്തെ സാമ്പത്തിക കണക്കുകള്‍ തേടി സുപ്രീം കോടതി

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: സ്വകാര്യ സര്‍വകലാശാലകള്‍ ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി മാറാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളുടെ സാമ്പത്തികവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി അഞ്ച് വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

നോയിഡയിലെ അമിറ്റി സര്‍വകലാശാലയ്‌ക്കെതിരായി ഒരു വിദ്യാര്‍ത്ഥി നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീന്‍ അമാനുള്ള, എന്‍.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. സര്‍വകലാശാലകള്‍ക്ക് സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ സാമ്പത്തിക കരുതല്‍ നിലനിര്‍ത്താമെന്നും എന്നാല്‍ വിദ്യാഭ്യാസവുമായി ബന്ധമില്ലാത്ത ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലകളെ വഴിതിരിച്ച് വിടാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

അഞ്ച് വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ക്കൊപ്പം സര്‍വകലാശാലകള്‍ ഈ കാലയളവില്‍ സമാഹരിച്ചതും ചെലവഴിച്ചതുമായ ഫണ്ടുകളുടെ വിവരങ്ങളും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ്, പ്രവേശന സമയത്തും പഠനകാലയളവിലും ഈടാക്കുന്ന മറ്റ് തുകകള്‍, മിച്ചം വരുന്ന ഫണ്ടുകളുടെ നിക്ഷേപം തുടങ്ങിയ വിവരങ്ങളും സമര്‍പ്പിക്കണം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തികള്‍ക്ക് നല്‍കിയ പണമിടപാടുകളുടെ വിശദാംശങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി പ്രവേശന നടപടിക്രമം, പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍, അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനവും ശമ്പളവും, അധ്യാപകര്‍ക്ക് അനുവദിക്കുന്ന ക്ലാസുകളും അവര്‍ യഥാര്‍ത്ഥത്തില്‍ കൈകാര്യം ചെയ്ത ക്ലാസുകളും സംബന്ധിച്ച വിവരങ്ങളും കോടതി തേടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനത്തിന്റെ വിശദാംശങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പരാതികളും അവയുടെ നടപടികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ലഭിച്ച ഭൂമി, നിയമപരമായ ഇളവുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ വിവരങ്ങളും സമര്‍പ്പിക്കണം.

സര്‍വകലാശാലകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആറ് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് നവംബര്‍ 19ന് വീണ്ടും പരിഗണിക്കും.

Content Highlights: Private universities should not operate with a profit motive; Supreme Court seeks five years’ financial records.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more