| Thursday, 17th July 2025, 9:28 pm

ക്യാരക്ടര്‍ പോസ്റ്ററുകള്‍ വെറുതേയല്ല, ഇന്ദ്രന്‍സ്, മീനാക്ഷി കോമ്പോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പോസ്റ്റുകളായിരുന്നു ഇന്ദ്രന്‍സും മീനാക്ഷിയും ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പരസ്പരമുള്ള ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇരുവരും പങ്കുവെച്ചത്. ഏത് സിനിമയിലെ കഥാപാത്രമാണെന്ന സൂചനകളൊന്നും പോസ്റ്റിലില്ലായിരുന്നു. ഇപ്പോഴിതാ ഇരുവരുമൊന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

പ്രൈവറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇന്ദ്രന്‍സും മീനാക്ഷിയും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇരുവര്‍ക്കും പുറമെന്നു ആന്റണിയും പ്രൈവറ്റില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബാലന്‍ മാരാര്‍ എന്ന കഥാപാത്രമായി ഇന്ദ്രന്‍സ് വേഷമിടുമ്പോള്‍ അജിത ബീഗം എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്.

കളങ്കാവലിനായി ക്യാമറ ചലിപ്പിച്ച ഫൈസല്‍ അലിയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹകന്‍. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ സംവിധായകന്‍. സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി കെ ഷബീറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ അശ്വിന്‍ സത്യയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്.

എഡിറ്റര്‍ ജയകൃഷ്ണന്‍, വസ്ത്രാലങ്കാരം സരിത സുഗീത്, മേക്കപ്പ് ജയന്‍ പൂങ്കുളം, ആര്‍ട്ട് മുരളി ബേപ്പൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുരേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്, സൗണ്ട് മിക്‌സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍, സ്റ്റില്‍സ് അജി കൊളോണിയ, പി.ആര്‍.ഒ എ.എസ് ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഓഗസ്റ്റ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Private movie first look poster out

We use cookies to give you the best possible experience. Learn more