ഫ്ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയില്‍ പ്രൈവറ്റ് ബിസിനസ് ജെറ്റ് വിമാനം ജനവാസ മേഖലയിലേക്ക് തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും മരണപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12:50-ഓടെ പാം ബീച്ച് കൗണ്ടിയിലെ ഗ്രീന്ഏക്കര്സ് പ്രദേശത്താണ് ദാരുണമായ അപകടം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നിന്ന് ഏകദേശം 14 കിലോമീറ്റര്‍ മാത്രം അകലെയാണ് വിമാനം പതിച്ചത്.
ടെക്സാസിലെ ഓസ്റ്റിന്‍-ബര്ഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ബഹാമാസിലെ നോര്‍ത്ത് എലൂഥെറ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ‘ലിയര്‍ജെറ്റ് 60’ എന്ന വിമാനമാണ് തകര്‍ന്നത്. അമേരിക്കന്‍ ഗതാഗത സെക്രട്ടറി സീന്‍ ഡഫി അപകടം സ്ഥിരീകരിക്കുകയും ഇതൊരു വന്‍ ദുരന്തമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങളും എയര്‍ ട്രാഫിക് കണ്ട്രോള് ഓഡിയോയും അനുസരിച്ച്, വിമാനം 35,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ മോശം കാലാവസ്ഥയിലും കടുത്ത ഐസിംഗ് അവസ്ഥയിലും പെടുകയായിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പൈലറ്റുമാര്‍ വിമാനം 37,000 അടിയിലേക്ക് ഉയര്‍ത്താന്‍ അനുമതി ചോദിച്ചെങ്കിലും തൊട്ടുപിന്നാലെ വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടമാവുകയായിരുന്നു.
വിമാനത്തിന് താങ്ങാന്‍ കഴിയുന്ന വേഗത പരിധി ലംഘിച്ചുകൊണ്ട് മിനിറ്റില്‍ 20,000 മുതല്‍ 32,000 അടി വരെ വേഗതയിലാണ് വിമാനം കുത്തനെ താഴേക്ക് പതിച്ചത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് കണ്ട്രോള് റൂമിലേക്ക് അയച്ച മേയ്ഡെ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.
‘ഞങ്ങള്‍ മിനിറ്റില്‍ 10,000 അടി വേഗതയില്‍ താഴേക്ക് പതിക്കുകയാണ്… മേഡേ, മേഡേ… ഞങ്ങള്‍ ഭൂമിയിലേക്ക് ഇടിച്ചിറങ്ങാന്‍ പോവുകയാണ്… ഞങ്ങള്‍ക്ക് സമയമില്ല,’ എന്നായിരുന്നു ആ ഭീതിജനകമായ അവസാന വാക്കുകള്‍.
സമീപത്തെ കാറുകളിലെ ഡാഷ്ക്യാമുകളില് പതിഞ്ഞ ദൃശ്യങ്ങളില്‍, വിമാനം റോഡിലേക്ക് കുത്തനെ വന്നിടിക്കുന്നതും നിമിഷങ്ങള്‍ക്കകം വന്‍ അഗ്നിഗോളമായി മാറുന്നതും കാണാം. പ്രദേശത്തെ വൈദ്യുത ലൈനുകളും ശുദ്ധജല വിതരണ പൈപ്പുകളും തകര്‍ന്നിട്ടുണ്ട്.
അപകടത്തെത്തുടര്‍ന്ന് വന്‍ തോതില്‍ അവശിഷ്ടങ്ങള്‍ ചിതറിയതിനാലും പുക ഉയര്‍ന്നതിനാലും സമീപത്തെ മൊബൈല്‍ ഹോം പാര്‍ക്കിലെ അറുനൂറോളം താമസക്കാരെ പാം ബീച്ച് കൗണ്ടി അധികൃതര്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. റോഡിലെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ കുറഞ്ഞത് 30 ദിവസത്തോളമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അപകടകാരണം കണ്ടെത്താന്‍ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും ചേര്‍ന്ന് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും ഐസിംഗും വിമാനത്തിന്റെ സാങ്കേതിക തകരാറിലേക്ക് നയിച്ചതാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വിമാനത്തിലുണ്ടായിരുന്നവരുടെ ഔദ്യോഗിക വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Content Highlight: Private jet crashes in Florida; 9 dead: Plane went down near Trump’s resort