തിരുവനന്തപുരം: സ്വാകാര്യ ബസുകളുടെ ഓട്ടപ്പാച്ചിലിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. റോഡിലിപ്പോള്‍ നിയമവാഴ്ചയില്ലെന്നും അധികൃതര്‍ ഇതൊന്നും കാണാതെ ഉറങ്ങുകയാണോയെന്നും കോടതി ചോദിച്ചു.
കണ്ണൂരിലെയും കൊച്ചിയിലേയും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. റോഡുകളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
സ്വാകാര്യ ബസുകള്‍ക്ക് പൊലീസിനെയും കോടതിയേയും ഭയമില്ലെന്നും എന്തും ചെയ്യാമെന്നാണ് അവരുടെ മനോഭാവമെന്നും കോടതി പറഞ്ഞു. സമയം പാലിക്കണമെന്ന ന്യായം പറഞ്ഞ് എല്ലാം ചെയ്ത് കൂട്ടുകയാണെന്ന് മുന്നേ പോയ ബസിനെ ഓവര്‍ ടേക്ക് ചെയ്യുന്ന ബസിന്റെ വീഡിയോ പരിശോധിക്കുന്നതിനിടയില്‍ പറഞ്ഞു. ഇനി അവരെ വണ്ടി ഓടിക്കാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞിട്ടുണ്ട്.
കാല്‍നട യാത്രക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും മദയാനയെ പോലെയാണ് പിന്നില്‍ നിന്നും ബസ് വരുന്നതെന്നും കോടതി പറഞ്ഞു. മനപൂര്‍വമായ പ്രവൃത്തിയാണെന്നും ബസുകള്‍ തമ്മില്‍ യുദ്ധമാണ് നടക്കുന്നതെന്നും ഇതെല്ലാം ട്രാഫിക് പൊലീസിന്റെ പരാജയമാണെന്നും കോടതി പറഞ്ഞു.
കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ദേഹത്തുകൂടെയാണ് വാഹനം ഓടിക്കാന്‍ ശ്രമിച്ചത്. അപകടമുണ്ടാക്കിയ ബസിനു പിന്നാലെ വന്ന ബസ് നിര്‍ത്തുന്നതും ജീവനക്കാര്‍ സഹായത്തിന് ഓടിവരുന്നതും കണ്ടു. വളരെ നല്ലവരും ഇക്കൂട്ടത്തിലുണ്ടെന്നും എല്ലാവരെയും അല്ല കുറ്റപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു. സ്വകാര്യ ബസുകള്‍ ഓവര്‍ടേക്ക് ചെയ്യരുതെന്നും ഇടതുവശത്ത് വേഗം കുറഞ്ഞ ലൈനിലൂടെ പോകണമെന്നും നിര്‍ദേശമുള്ളതാണ്.
നടപടിയെടുത്താല്‍ ബസുകള്‍ പണിമുടക്കും എന്നാണ് പറയുന്നത്. അതൊന്നും അനുവദിക്കാനാവില്ലെന്നും 11,12 ക്ലാസുകളില്‍ ട്രാഫിക് നിയമങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
Content Highlight: Private buses are like rogue elephants; they have no fear of the police or the court: High Court.