കോഴിക്കോട്: സംസ്ഥാനത്ത് ഈ മാസം 22ന് നടത്താനിരുന്ന സ്വകാര്യ ബസ് ഉടമകളുടെ സമരം പിന്‍വലിച്ചെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ബസുടമകളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ധാരണയായതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു
വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്താഴ്ച്ച കെ.ബി. ഗണേഷ് കുമാര്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തും. അതിന് ശേഷം ബസുടമകളുമായി വീണ്ടും ചര്‍ച്ച സംഘടിപ്പിക്കും. ഇതിന് ശേഷമാവും അന്തിമ തീരുമാനം.
ബസുടമകള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ 95% കാര്യവും ചര്‍ച്ചയിലൂടെ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. തര്‍ക്കം വന്ന കാര്യം ബസ് ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും ജനങ്ങള്‍ തന്നെ അക്കാര്യം ആലോചിക്കട്ടേയെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളേയും കുഞ്ഞുങ്ങളേയും ഉപദ്രവിക്കുന്നവര്‍, കൊലപാതക കേസില്‍ പ്രതികളായവര്‍ എന്നിങ്ങനെ മാരകമായ കുറ്റങ്ങള്‍ ചെയ്തവരേയാണ് ഒഴിവാക്കുന്നത്. കെ.എസ്.ആര്‍.ടിസിയില്‍ ഇതിനകം ഈ നിര്‍ദേശം പാലിക്കുന്നുണ്ട്.
പത്താം ക്ലാസ് അപ്പിയര്‍ ചെയ്തവര്‍ക്ക് മാത്രമെ കണ്ടക്ടര്‍മാരാകാന്‍ കഴിയൂ എന്ന നിബന്ധനയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനി ഏഴാം ക്ലാസ് പാസായവര്‍ക്കും കണ്ടക്ടര്‍മാരാകാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സമരം തുടരുമെന്ന് ചില സംഘടനകള്‍ അറിയിച്ചു. പെര്‍മിറ്റിന്റെ കാര്യം അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഒരു വിഭാഗം ബസ് ഉടമകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട് 14 വര്‍ഷമായി സര്‍ക്കാരിന് നിവേദം കൊടുക്കുന്നുണ്ട്.
രണ്ട് കമ്മീഷനുകള്‍ വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കാതെ സ്വകാര്യ ബസ് മേഖലയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ മന്ത്രി പറഞ്ഞത് ഇക്കാര്യം വിദ്യാര്‍ത്ഥി സംഘടനകളുമായി സംസാരിക്കണമെന്നാണ്. ഈ വിഷയം വിദ്യാര്‍ത്ഥികളോട് ചോദിച്ച് എങ്ങനെ നടപ്പില്‍ വരുത്താന്‍ സാധിക്കുമെന്നാണ് ചില ബസ് ഉടമകള്‍ ചോദിക്കുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ വര്‍ധിപ്പിക്കാതെ ഒരടി മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നും ചില ബസുടമകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം സമരത്തില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഒരു സംഘടന മാത്രമാണ് സമരത്തില്‍ നിന്ന് പിന്മാറിയതെന്നും ബാക്കിയുള്ളവര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പ്രധാനമയും മൂന്ന് ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടേയും ദീര്‍ഘദൂരബസുകളുടേയും പെര്‍മിറ്റ് പുതുക്കി നല്‍കുക, ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക എന്നിവയാണിത്.
ഇതില്‍ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കുക എന്ന വിഷയത്തില്‍ മാത്രമാണ് പുരോഗതിയുണ്ടായത്. പെര്‍മിറ്റ് ദൂരം കൂട്ടുക എന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമാണ് തീരുമാനിക്കുക എന്നാണ് മന്ത്രി പറഞ്ഞത്. ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയതിലും തൊഴിലാളികള്‍ അസന്തുഷ്ടരാണ്.
Content Highlight: Private bus strike in state called off