| Monday, 11th May 2026, 4:30 pm

ഭാര്യയെ KSRTCയില്‍ വിട്ട് ഭര്‍ത്താവ് വരില്ല, ഞങ്ങള്‍ക്ക് പുരുഷ യാത്രക്കാരെയും നഷ്ടപ്പെടും; സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയ്‌ക്കെതിരെ സ്വകാര്യ ബസുടമകള്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള യു.ഡി.എഫിന്റെ ‘ഇന്ദിര ഗ്യാരന്റി’ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍.

ഈ പദ്ധതി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം തകരുമെന്നും ലക്ഷക്കണക്കിന് തൊഴിലാളികള്‍ വഴിയാധാരമാകുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതോടെ തങ്ങള്‍ക്ക് പുരുഷ യാത്രക്കാരെയും നഷ്ടപ്പെടുമെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു.

സ്വകാര്യ ബസുകളിലെ യാത്രക്കാരില്‍ 70 ശതമാനവും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ഈ വരുമാനം പൂര്‍ണമായും നഷ്ടപ്പെടുമെന്ന് ഉടമകള്‍ ഭയപ്പെടുന്നു.

കുടുംബമായി യാത്ര ചെയ്യുമ്പോള്‍ ഭാര്യ കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യമായി പോവുകയും ഭര്‍ത്താവ് സ്വകാര്യ ബസിനെ ആശ്രയിക്കുകയും ചെയ്യില്ല. ഇത് പുരുഷ യാത്രക്കാരുടെ എണ്ണത്തിലും വലിയ കുറവുണ്ടാക്കും.

നിലവില്‍ ഒരു രൂപ മാത്രം നല്‍കുന്ന വിദ്യാര്‍ത്ഥികളെ മാത്രം വെച്ച് ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ വ്യക്തമാക്കി.

സമാന പദ്ധതി നടപ്പിലാക്കിയ കര്‍ണാടകയില്‍ സ്വകാര്യ ബസ് ഉടമകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ബസുകള്‍ തുച്ഛമായ വിലയ്ക്ക് വിറ്റൊഴിയുകയാണെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടി.

പദ്ധതി നടപ്പിലാക്കുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാന്‍ കെ.എസ്.ആര്‍.ടി.സി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജെന്‍ഡര്‍ ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തി.

ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാര്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ രേഖപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിദിനം കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം സ്ത്രീകളാണെന്നാണ് പ്രാഥമിക കണക്ക്.

രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിന് വേണ്ടി ഏകപക്ഷീയമായി ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തരുതെന്നും ബസുടമകളുമായി ചര്‍ച്ച നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളുമായാണ് കെ.എസ്.ആര്‍.ടി.സി ഓടുന്നതെന്നും എന്നാല്‍ പുതിയ ബസുകളുമായി നഷ്ടം സഹിച്ചാണ് സ്വകാര്യ മേഖല സര്‍വീസ് നടത്തുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Private bus owners oppose free travel for KSRTC women

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more