| Tuesday, 29th July 2025, 10:24 pm

ചര്‍ച്ച പരാജയം; അനിശ്ചതകാല പണിമുടക്കുമായി ബസ് തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബസുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

ഇന്ന് തിരുവനന്തപുരത്ത് വെച്ച് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍, ഗതാഗത സെക്രട്ടറി എന്നിവരുമായി ബസുടമ സംയുക്ത സമതി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇതോടെ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിക്കാന്‍ ബസുടമ സംയുക്ത സമിതി തീരുമാനിച്ചതായി സംയുക്ത സമിതി ചെയര്‍മാന്‍ ഹംസ ഏരിക്കുന്നന്‍ അറിയിച്ചു.

ആഗസ്റ്റ് ഒന്നിന് തൃശൂരില്‍ ചേരുന്ന ബസുടമ സംയുക്ത സമിതി യോഗത്തില്‍ വെച്ച് സമരത്തിന്റെ തിയതി നിശ്ചയിച്ച് അനിശ്ചിത കാല സമരം പ്രഖ്യാപിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ദീര്‍ഘ ദൂര പെര്‍മിറ്റുകളും ലിമിറ്റഡ് സ്റ്റോപ് പെര്‍മിറ്റുകളും യഥാസമയം പുതുക്കിനല്‍കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല പണിമുടക്ക്.

ജൂലായ് 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് തീയതി മാറ്റി വെക്കുകയായിരുന്നു. അതിന് മുമ്പ് നടന്ന മന്ത്രിതല ചര്‍ച്ചകളും ഗതാഗതസെക്രട്ടറിയുമായുള്ള ചര്‍ച്ചകളും നടന്നിരുന്നു. വിദ്യാര്‍ത്ഥിസംഘടനകളുമായി ആലോചിച്ച ശേഷം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാമെന്നാണ് ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞിരുന്നത്.

Content Highlight: Private Bus Owners go on indefinite strike after government talks with bus owners fail

We use cookies to give you the best possible experience. Learn more