| Saturday, 22nd July 2017, 3:35 pm

സുരഭിയെ സിനിമകളിലേക്ക് ക്ഷണിച്ചത് ഇഷ്ടം കൊണ്ടല്ല; അവര്‍ നല്ല നടിയായതുകൊണ്ടാണ്; രസകരമായ മറുപടിയുമായി പൃഥ്വിരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുരഭിയെ ദേശീയ അവാര്‍ഡിന് അര്‍ഹയായ മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് ആശംസകളുമായി നടന്‍ പൃഥ്വിരാജ്. മിന്നാമിനുങ്ങ് തിയേറ്ററിലെത്തിയെന്നും എല്ലാവരും സിനിമ കാണണമെന്നും പൃഥ്വി പറയുന്നു.

സുരഭിക്കൊപ്പം ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയതായിരുന്നു പൃഥ്വിരാജ്. സുരഭിയുടെ കൂടെ സുരഭിയുടെ കരിയറിന്റെ തുടക്കകാലത്ത് അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള നടനാണ് ഞാന്‍. അതിന് ശേഷം ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയുണ്ടായി. ഒരു നടിയെ സംബന്ധിച്ച് അഭിനയത്തിന്റെ ഏറ്റവും ഉയരത്തില്‍ ആണ് സുരഭി നില്‍ക്കുന്നത്.

മിന്നാമിനുങ്ങ് എന്ന സിനിമയ്ക്കാണ് അവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. സിനിമ കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ സിനിമ കണ്ട എന്റെ സുഹൃത്തുക്കളും പരിചയക്കാരും അത് കാണണമെന്ന് എന്നോട് ആവശ്യപ്പെട്ടു. നല്ല സിനിമയായതുകൊണ്ടാണ് അവര്‍ അങ്ങനെ ആവശ്യപ്പെടുന്നത്. അതുകൊണ്ട് നിങ്ങളും സിനിമ കാണണം. മിന്നാമിനുങ്ങ് പോലുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കണം-പൃഥ്വിരാജ് പറഞ്ഞു.

“അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വിയാണ് മറ്റു സിനിമകളിലേക്ക് തന്നെ നിര്‍ദേശിച്ചതെന്ന് സുരഭി പറഞ്ഞു. എന്ന് നിന്റെ മൊയ്തീനിലേക്കും മിന്നാമിനുങ്ങിലേക്കും എന്നെ നിര്‍ദേശിച്ചത് പൃഥ്വിച്ചേട്ടനാണ്-സുരഭി പറഞ്ഞു.

എന്നാല്‍ സുരഭിയുടെ ഈ വാക്കുകള്‍ക്ക് വളരെ രസകരമായാണ് പൃഥ്വിരാജ് വിശദീകരണം നല്‍കിയത്. ഞാന്‍ ഈ സിനിമകളിലേക്ക് ക്ഷണിക്കാന്‍ കാരണം സുരഭിയോടുള്ള സ്നേഹം കൊണ്ടല്ല. സുരഭി നല്ല നടിയാണ് എന്നതുകൊണ്ടാണ് എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

We use cookies to give you the best possible experience. Learn more