മലയാള സിനിമയിൽ സ്വന്തം പേര് ഒരു ബ്രാൻഡാക്കി മാറ്റിയ നടനും സംവിധായകനും ആണ് പൃഥ്വിരാജ്. സുകുമാരൻ. മലയാളത്തിൽ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളിലും താരം ഇന്ന് സജീവ സാന്നിധ്യമാണ്. മലയാള സിനിമയിലെ സർവകാല റെക്കോഡുകളും തകർത്ത ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് ചുവടുവെച്ച അദ്ദേഹം, പിന്നീട് ‘ബ്രോ ഡാഡി’, ബിഗ് ബജറ്റ് ചിത്രമായ ‘എമ്പുരാൻ’ തുടങ്ങിയ സിനിമകളിലൂടെ മുൻനിര സംവിധായകരുടെ നിരയിലേക്കും ഉയർന്നുവന്നു.
പൃഥ്വിരാജിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് പ്രൊജക്റ്റാണ് ‘ഒടിയൻ‘. ഭൂതകാലം ഭ്രമയുഗം, ഡീയസ് ഇറെ എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ഹൊറർ-ത്രില്ലർ ജോണറിലുള്ള സിനിമകളാണ് രാഹുലിന്റെ പ്രധാന പ്രത്യേകത.
ഒടിയൻ.പൃഥ്വിരാജ്.Photo:Indian Express Malayalam
ഇപ്പോൾ ഒടിയൻ സിനിമയിൽ ഒരുപാട് പ്രതീക്ഷയൊന്നും വെക്കേണ്ടതില്ല എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. അതൊരു സാധാരണ ചിത്രമാണ് എന്നും സിനിമ എല്ലാവരും കാണാൻ വരണമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഐ നോബഡി’യുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
‘ഒടിയൻ സിനിമയിൽ ഒരുപാട് പ്രതീക്ഷകളൊന്നും വെക്കേണ്ടതില്ല. അതൊരു സാധാരണ ചിത്രമാണ്. എങ്കിലും സിനിമ കാണാൻ എല്ലാവരും തിയേറ്ററുകളിലേക്ക് വരണം’, പൃഥ്വിരാജ് പറഞ്ഞു
കേരളത്തിലെ നാടോടിക്കഥകളിൽ വായിച്ചുപരിചയമുള്ള ‘ഒടിയൻ’ എന്ന സങ്കല്പത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഒടിയൻ.Photo;Samakalikamalayalam
മുമ്പ് ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ ‘ഒടിയൻ’ ആയി എത്തിയ ചിത്രത്തിലും മഞ്ജു വാര്യർ തന്നെയായിരുന്നു നായിക. അന്ന് ആ ചിത്രം വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയായിരുന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജിനൊപ്പം മറ്റൊരു ഒടിയൻ കഥയുമായി മഞ്ജു വാര്യർ വീണ്ടുമെത്തുമ്പോൾ, പഴയ ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇതെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ ട്രാക്ക് റെക്കോർഡും ചിത്രത്തിന്റെ ഹൈപ്പ് വർദ്ധിപ്പിക്കുന്നു.
‘ആടുജീവിതം’ പോലുള്ള സിനിമകൾ ചെയ്‌ത പൃഥ്വിരാജ് എന്ന നടനിലുള്ള വിശ്വാസമാണ് പുതിയ ‘ഒടിയൻ’ സിനിമയുടെ ഏറ്റവും വലിയ യു.എസ്.പി. ബോളിവുഡ് സിനിമാ ഭീമനായ കരൺ ജോഹറിന്റെ ‘ധർമ്മ പ്രൊഡക്ഷൻസ്’ നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് പൃഥ്വിരാജിന്റെ ‘ഒടിയൻ.
Content Highlight: Prithviraj sukumaran urges fans not to overhype Odiyan, calling it a regular movie