മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ, തന്റെ നിലപാടുകൾ എപ്പോഴും തുറന്നുപറയുന്ന വ്യക്തിത്വമാണ്. സമൂഹത്തെ പ്രതിസന്ധിയിലാക്കുന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെ പ്രതികരിക്കുകയാണ്
പൃഥ്വിരാജ്. പുതിയ ചിത്രമായ ‘ഐ നോബഡി’യുടെ പ്രമോഷന്റെ ഭാഗമായി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
പൃഥ്വിരാജ്.photo.screen grab/youtube
‘നർക്കോട്ടിക്സ് എന്ന് പറയുന്നത് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കോ ന്യായീകരണങ്ങൾക്കോ ഇടയില്ലാത്ത ഒന്നാണ്. അത് നമ്മുടെ സമൂഹത്തിൽ നിന്നും പൂർണമായും തുടച്ചുനീക്കപ്പെടേണ്ട ഒന്നാണ്. ‘ഇതിന് കുഴപ്പമില്ല, അതിനാണ് കുഴപ്പമുള്ളത്’ എന്ന് പറഞ്ഞ് ലഹരിക്ക് അനുകൂലമായി നിലപാടെടുക്കാൻ മാത്രം ബലഹീനമാണ് നമ്മുടെ സമൂഹത്തിന്റെ ഘടന എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ലഹരി എന്നൊരു പ്രതിസന്ധി ഇവിടെയുണ്ട്, അത് പ്രത്യക്ഷവും ആണ്. സിനിമയിൽ മയക്കുമരുന്ന് വ്യാപകമാണ് എന്നൊക്കെ പറയുമ്പോൾ, അത് സിനിമയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സിനിമയ്ക്ക് വലിയൊരു മീഡിയ സ്പേസ് ഉള്ളതുകൊണ്ടും, അതിനെക്കുറിച്ച് കേൾക്കാൻ ആളുകൾക്ക് കൂടുതൽ താല്പര്യമുള്ളതുകൊണ്ടും സിനിമയിലെ കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു എന്ന് മാത്രം. സിനിമയിൽ ഇല്ല എന്നല്ല ഞാൻ പറയുന്നത് സിനിമയിലുണ്ട്, സ്കൂളുകളിലുണ്ട്, കോളേജുകളിലുണ്ട്, പൊതുവേദികളിലുമുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ സമൂഹത്തിൽ നിന്ന് മുഴുവനായും തുടച്ചുനീക്കണം. കാരണം, ഇത് ബാധിക്കുന്നത് നമ്മുടെ ഒരു തലമുറയെത്തന്നെയാണ്.
ലഹരിയുടെ കാര്യത്തിൽ മൃദുവായ സമീപനം സ്വീകരിക്കാം എന്ന ഘട്ടമൊക്കെ നമ്മൾ എപ്പോഴോ കടന്നുപോയിക്കഴിഞ്ഞു. ‘ലൂസിഫർ’ സിനിമയിൽ മുരളി ഗോപി എഴുതിയിരിക്കുന്നത് പോലെ, സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ലഹരി എത്തിക്കഴിഞ്ഞു. ഇതിനെതിരായി ഏത് സർക്കാർ എന്ത് തീരുമാനമെടുത്താലും നൂറു ശതമാനവും ഞാൻ അതിനൊപ്പമുണ്ടാകും. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എന്നെക്കൊണ്ട് എന്ത് ചെയ്യാൻ സാധിക്കുമോ, അതിനെല്ലാം ഞാൻ തയ്യാറാണ്,’ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ്.photo.screen grab/youtube