| Thursday, 17th September 2026, 6:55 pm

മലയാളത്തില്‍ ക്രിയേറ്ററാണ് ആദ്യം, പൈസ രണ്ടാമതാണ്, ബോളിവുഡില്‍ അങ്ങനെയല്ല: പൃഥ്വിരാജ്

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയില്‍ മലയാള സിനിമയുടെ ബ്രാന്‍ഡ് അബാസഡറായി പ്രവര്‍ത്തിക്കുന്ന നടനെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനേതാവാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനേതാവ് എന്നതിന് പുറമെ സംവിധായകനായും കഴിവ് തെളിയിച്ച പൃഥ്വിയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഖലീഫ. ഓണം റിലീസായെത്തിയ ചിത്രം 50 കോടിയ്ക്കടുത്ത് തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു. എന്നാല്‍ ഏവരും ഉറ്റുനോക്കുന്നത് പൃഥ്വിരാജിന്റെതായി വരാനിരിക്കുന്ന ബോളിവുഡ് ചിത്രം ദായ്‌റയാണ്.

പൃഥ്വിരാജ്. Photo: X.com

പ്രശസ്ത സംവിധായിക മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂറും പൃഥ്വിരാജ് സുകുമാരനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രം ക്രൈം ത്രില്ലറായാണ് സംവിധായിക ഒരുക്കിയിരിക്കുന്നത്. നാളെ (വെള്ളി) തിയേറ്ററുകളിലെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട്് സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

മലയാളത്തില്‍ ഒരു ചിത്രം നിര്‍മിക്കുന്നതും ബോളിവുഡില്‍ ഒരു ചിത്രം നിര്‍മിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചാണ് അഭിമുഖത്തില്‍ താരം സംസാരിച്ചത്. മോളിവുഡില്‍ ഒരു ചിത്രം നിര്‍മിക്കുമ്പോള്‍ അതിന്റെ തിരക്കഥാകൃത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ബോളിവുഡില്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു.

‘ഇവിടെ ബോളിവുഡില്‍ ഒരു സിനിമ ചെയ്യണമെങ്കില്‍ ആദ്യം ഏജന്‍സിയെ ബന്ധപ്പെടണം പിന്നീട് ആ ഏജന്‍സിയിലെ മാനേജര്‍ നമ്മളെ (അഭിനേതാക്കളെ) ബന്ധപ്പെടും അതിന് ശേഷം ആ മാനേജര്‍ ഒരു സംവിധായകനെ ബന്ധപ്പെടും. പിന്നെ നമ്മള്‍ രണ്ട് പേരും മീറ്റ് ചെയ്യും. പിന്നീട് പ്രൊഡക്ഷന്‍ ഹൗസിനെ ഏജന്‍സി ബന്ധപ്പെടും. ഇതെല്ലാം ഭയങ്കര കോര്‍പ്പറേറ്റ് രീതിയിലാണ് നടക്കുന്നത്. തീര്‍ച്ചയായും പ്രായോഗികമായ രീതിയാണ്, പക്ഷേ ഇതിലും എളുപ്പത്തില്‍ ഇത് ചെയ്യാന്‍ സാധിക്കും.

ഞാന്‍ നിര്‍മിക്കുന്ന ഭൂരിഭാഗം ചിത്രങ്ങളിലും ഞാന്‍ തന്നെ അഭിനയിക്കാറുണ്ട്. അതിന് ഞാന്‍ പ്രതിഫലം വാങ്ങിക്കാറില്ല. മലയാള സിനിമയുടെ ഒരു പ്രത്യേകതയെന്താണെന്ന് വെച്ചാല്‍ അവിടെ എഴുത്തുകാര്‍ക്കാണ് കൂടുതല്‍ പവറുള്ളത്. അവിടെ നിര്‍മാതാവോ പ്രൊഡക്ഷന്‍ ഹൗസോ, മാനേജറോ അല്ല താരങ്ങളുമായി സിനിമയ്ക്ക് വേണ്ടി ബന്ധപ്പെടുന്നത്. എന്റെ കൈയില്‍ ഒരു കഥയുണ്ട് അത് കേട്ട് നോക്കാമോ എന്ന് പറഞ്ഞ് താരങ്ങളെ സമീപിക്കുന്നത് എഴുത്തുകാരാണ്.

ദായ്‌റ. Photo: District

എന്നോട് ഒരു കഥ പറഞ്ഞ് അതെനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാനും ആ തിരക്കഥാകൃത്തും ചേര്‍ന്നാണ് ആ ചിത്രം സംവിധാനം ചെയ്യാന്‍ പറ്റിയ സംവിധായകനെ സമീപിക്കുന്നത്. സംവിധായകനും ഇഷ്ടപ്പെട്ടാലാണ് പ്രൊഡക്ഷന്‍ ഹൗസിനെ സമീപിക്കുന്നത്. ക്രിയേറ്ററാണ് ആദ്യം വരുന്നത് പൈസ സെക്കന്‍ഡാണ്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj talks about the process of making a film in Malayalam and Bollywood

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more