മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രമായ ‘പേട്രിയറ്റ് ‘ റിലീസിന് മുമ്പ് മുതൽ മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയെ അണിനിരത്തിയ ചിത്രം ദേശീയ സുരക്ഷയും ചാരപ്രവർത്തനവും പ്രമേയമാക്കിയായിരുന്നു ഒരുക്കിയത്.
പേട്രിയറ്റ്.photo.IMDb
റിലീസിന് ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മഹേഷ് നാരായണന്റെ അവതരണവും മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടും പ്രശംസ നേടിയെങ്കിലും തിരക്കഥയുടെ വൈകാരിക ആഴവും അവതരണ രീതിയും സംബന്ധിച്ച് വിമർശനങ്ങളും ഉയർന്നിരുന്നു.
ആ ചിത്രത്തെക്കുറിച്ചുള്ള തന്റെ വിലയിരുത്തൽ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. പുതിയ ചിത്രമായ ‘ഐ നോബഡി’യുടെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
‘പേഴ്സണലി, ‘പേട്രിയറ്റ് ‘ എനിക്ക് വർക്ക് ആയ ഒരു സിനിമയാണ്. കാരണം വളരെ റെലെവന്റ് ആയ ഒരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിന് മുമ്പ് തന്നെ പേട്രിറ്റിന്റെ മുഴുവൻ സ്ക്രിപ്റ്റും ഞാൻ വായിച്ചിരുന്നു. മഹേഷ് നാരായണന്റെ ആദ്യ നരേഷനിൽ തന്നെ അത് ഒരു ഫാന്റാസ്റ്റിക് പീസ് ഓഫ് റൈറ്റിങ്ങാണെന്നാണ് എനിക്ക് തോന്നിയത്.
അതെ, ഇത് ഒരു പെർഫെക്റ്റ് സിനിമയല്ല. പക്ഷേ ഒരു സിനിമയും പെർഫെക്റ്റ് അല്ലല്ലോ. സിനിമ കണ്ടപ്പോൾ സ്ക്രിപ്റ്റിൽ നിന്ന് ചില കാര്യങ്ങൾ വ്യത്യസ്തമായതായും ചിലത് കൂടുതൽ മികച്ചതായും എനിക്ക് തോന്നി. ഇൻ റെട്രോസ്പെക്ടീവ്, ഈ സിനിമയ്ക്ക് ഇത്രയും വലിയ സ്റ്റാർഡത്തിന്റെ ഭാരം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ കുറച്ചുകൂടി മികച്ച സിനിമയായേനെ.
എന്നിരുന്നാലും, മഹേഷ് നാരായണൻ പൂർണമായും സ്മാഷ് ചെയ്ത ചില സീനുകളും മൊമെന്റുകളും ഈ സിനിമയിലുണ്ട്. ചില ഡ്രാമാറ്റിക് മൊമെന്റുകൾ അദ്ദേഹം കൈകാര്യം ചെയ്ത രീതി അതിഗംഭീരമായിരുന്നു. പേട്രിയറ്റിലെ പല രംഗങ്ങളും ശരിക്കും ഒരു പ്രോപ്പർ ഇന്റർനാഷണൽ സിനിമയുടെ നിലവാരത്തിലുള്ളതായിട്ടാണ് എനിക്ക് തോന്നിയത്. സിനിമയിലെ ഒരുപാട് കാര്യങ്ങൾ എനിക്ക് വർക്ക് ആയിരുന്നു. അതേസമയം, വർക്ക് ആവാതിരുന്ന ചില ഘടകങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സിനിമ ഞാൻ ഏറെ എൻജോയ് ചെയ്തിരുന്നു.
മോഹൻലാലും മമ്മൂട്ടിയും അല്ലാതെ , ആ സിനിമയിലെ മറ്റ് പല കഥാപാത്രങ്ങൾക്ക് ഉണ്ടായിരുന്ന ഒരു ബർഡൻ ഓഫ് സ്റ്റാർഡം ഇല്ലായിരുന്നെങ്കിൽ സിനിമ കുറച്ചുകൂടി മികച്ചതാകുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്,’ പൃഥ്വിരാജ് പറഞ്ഞു
പേട്രിയറ്റ്.മോഹൻലാൽ .മമ്മൂട്ടി . photo. ആന്റോ ജോസഫ് ഫിലിം കമ്പനി