സമകാലിക സിനിമാരംഗത്ത് മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനേതാവാണ് പൃഥ്വിരാജ്. മലയാളത്തില്‍ നായകനടനായും സംവിധായകനായും തിളങ്ങിയ താരം അന്യഭാഷകളിലും സജീവമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ സര്‍സമീന്‍ എന്ന ഹോളിവുഡ് ചിത്രത്തിലും പ്രാശാന്ത് നീലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം സലാറിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.
ഇതിനെല്ലാം പുറമെ ഇന്ത്യയിലെ ടോപ് ഡയറക്ടര്‍ എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയില്‍ മഹേഷ് ബാബുവിന്റെ വില്ലനായും താരത്തിന് അവസരം ലഭിച്ചതോടെ മോളിവുഡിനും വലിയ ബൂസ്റ്റാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളൊഴിച്ച് അന്യഭാഷ ഫിലിം ഇന്‍ഡസ്ട്രികള്‍ക്ക് കാലിടറുന്ന കാഴ്ച്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. അതേസമയം 2026ന്റെ ആദ്യ പകുതിയില്‍ മാത്രം ആയിരം കോടി രൂപയ്ക്കടുത്താണ് മോളിവുഡിലെ സിനിമാ വ്യവസായമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാരണാസി. Photo: NDTV
കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രങ്ങളാണ് നൂറും ഇരുനൂറും കോടി ക്ലബുകളില്‍ ഇടം പിടിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ മലയാള ചിത്രങ്ങളില്‍ മുതല്‍ മുടക്കാന്‍ ബോളിവുഡില്‍ നിന്നടക്കം ഭീമന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ എത്തുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും സജീവമാണ്. മോഹന്‍ലാലിന്റെ എമ്പുരാന്‍ തുടരും തുടങ്ങിയ ചിത്രങ്ങള്‍ വലിയ കളക്ഷന്‍ നേടിയതോടെ താരത്തിന്റെ കാരവാന് ചുറ്റും ബോളിവുഡിലെ ഭീമന്‍ നിര്‍മാതാക്കള്‍ ചുറ്റിപ്പറ്റുന്നുണ്ടെന്ന് നടന്‍ ഷറഫുദ്ദീന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇത്തരത്തില്‍ ഏറ്റവും അവസാനമായി മലയാളത്തിലേക്കെത്തിയ നിര്‍മാണക്കമ്പിനിയായിരുന്നു കരണ്‍ ജോഹാറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്. പൃഥ്വിരാജിനെ നായകനാക്കി ഡിയെസ് ഈറെയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ പൃഥ്വിരാജ് പ്രൊഡക്ഷനൊപ്പം ധര്‍മ പ്രൊഡക്ഷന്‍സും കൈ കോര്‍ക്കുന്നുണ്ട്. ഇതോടെ ചിത്രത്തിന് പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ റീച്ച് കിട്ടുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
പൃഥ്വിരാജ്. Photo: Screen Grab/ The Hollywood Reporter India/ Youtube.com
ഇത്തരത്തിലുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലേക്ക് ധര്‍മ പ്രൊഡക്ഷന്‍സിനെ എത്തിക്കുന്നതില്‍ ഒരു കാരണക്കാരനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു പൃഥ്വി പറഞ്ഞത്. ഇത്തരത്തില്‍ ഒരുപാട് പ്രൊഡക്ഷന്‍ ഹൗസുകള്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി തനിക്ക് അറിയാമെന്നും താരം പറഞ്ഞു. എന്നാല്‍ എല്ലാവരും മലയാള സിനിമയിലേക്ക് എത്തണമെന്നും പക്ഷേ ഒന്നും മാറ്റാതെ ഇവിടെ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ച് തിരിച്ച് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Prithviraj talks about other language production house entry to Malayalam Cinema