| Thursday, 2nd July 2026, 10:17 pm

ഓഗസ്റ്റില്‍ ഓണം റിലീസാണെന്ന് ആദ്യം അനൗണ്‍സ് ചെയ്തത് ഖലീഫയാണ്; ക്ലാഷിനെ കുറിച്ച് പൃഥ്വിരാജ്

അശ്വിന്‍ രാജേന്ദ്രന്‍

ആവേശം കൊള്ളിച്ച ഒട്ടനവധി സിനിമകള്‍ റിലീസായ 2026ന്റെ ആദ്യ പകുതിയായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. 200 കോടി കടന്ന വാഴ 2വും ദൃശ്യം 3യും നൂറടിച്ച ആട് 3യും അടക്കം വമ്പന്‍ ബിസിനസിനായിരുന്നു 2026ല്‍ മോളിവുഡ് സാക്ഷ്യം വഹിച്ചത്. ഈ കുതിപ്പ് രണ്ടാം പകുതിയിലും തുടരാന്‍ കെല്‍പ്പുള്ള ചിത്രങ്ങളാണ് സൂപ്പര്‍ താരങ്ങള്‍ അണിയറയില്‍ ഒരുക്കിയിരിക്കുന്നത്. ഓണം റിലീസായെത്തുന്ന ചിത്രങ്ങളാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും കാണാം.

ഖലീഫ. Photo: X.com

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയും ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമും നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്ലഹേം കുടുംബ യൂണിറ്റും തിയേറ്ററുകളിലേക്കെത്തുന്നതോടെ വലിയ മത്സരമായിരിക്കും ഓണത്തിന് നടക്കുക എന്നതില്‍ സംശയമില്ല.

മലയാളം പോലെ ഒരു ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്നും മൂന്ന് വമ്പന്‍ ചിത്രങ്ങള്‍ ഒന്നിച്ച് റിലീസിനെത്തുമ്പോള്‍ ആരായിരിക്കും വിജയ് എന്നറിയാന്‍ ഏവര്‍ക്കും കൗതുകമേറെയാണ്. എന്നാല്‍ ഏതെങ്കിലും ഒരു ചിത്രത്തിന്റെ ഓളത്തില്‍ മറ്റ് രണ്ട് ചിത്രങ്ങള്‍ മുങ്ങിപ്പോകുമെന്നുള്ള ഭീതിയും പലര്‍ക്കുമുണ്ട്. ഈ സാഹചര്യത്തില്‍ പൃഥ്വിരാജിന്റെ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഖലീഫ എന്ന ചിത്രം 2026 ഓണത്തിന് റിലീസ് ചെയ്യും എന്ന് ഞങ്ങള്‍ അനൗണ്‍സ് ചെയ്യുന്ന സമയത്ത് മറ്റൊരു ഓണം റിലീസ് തന്നെ മലയാള സിനിമയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. 2025 ഒക്ടോബര്‍ 16ന് എന്റെ ബര്‍ത് ഡേയുടെ സമയത്താണ് ഇത് അനൗണ്‍സ് ചെയ്യുന്നത്. അന്ന് എല്ലാവരും ചോദിച്ചത് 2026 ഓണത്തിന് എന്തിനാടാ ഇപ്പോഴോ അനൗണ്‍സ് ചെയ്യുന്നത് എന്നാണ്. ഓണം സമയത്ത് തന്നെ ആഗസ്റ്റ് 20ന് റിലീസ് ചെയ്യുമെന്ന് ആദ്യം അനൗണ്‍സ് ചെയ്തതും ഖലീഫ തന്നെയാണെന്നാണ് എന്റെ വിശ്വാസം.

ഐ ആം ഗെയിo. Photo: X.com

പക്ഷേ അതൊന്നും പ്രശ്‌നമല്ല. ഒരു ഓണക്കാലത്ത് ഒന്നില്‍ കൂടുതല്‍ സിനിമകള്‍ തിയേറ്ററില്‍ ഉണ്ടായാലും നല്ല സിനിമകളാണെങ്കില്‍ മൂന്ന് സിനിമയ്ക്കും പ്രേക്ഷകര്‍ ഉണ്ടാകും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഖലീഫ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത ഒരു ഔട്ട് ആന്‍ഡ് ഔട്ട് മാസ് കൊമേഷ്യല്‍ സിനിമ തന്നെയായിരിക്കും,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj talks about Onam clash release in Malayalam

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more