| Thursday, 2nd July 2026, 4:59 pm

ലാല്‍ സാര്‍ ചെയ്തത് കൊണ്ട് മാത്രം ഈസിയായി തോന്നിയ കഥാപാത്രമാണത്: പൃഥ്വിരാജ്

അശ്വിന്‍ രാജേന്ദ്രന്‍

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം മലയാള സിനിമയുടെ അമരക്കാരനായി പലരും ചൂണ്ടിക്കാണിക്കുന്ന അഭിനേതാവാണ് പൃഥ്വിരാജ്. മലയാളസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സംവിധാന മികവും പൃഥ്വിരാജ് തെളിയിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും താരം സജീവമാണ്.

പ്രഭാസിനൊപ്പം നായകതുല്യമായ വേഷത്തില്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ പാര്‍ട്ട് വണ്ണില്‍ പൃഥ്വിരാജ് എത്തിയിരുന്നു. താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രമാണ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി. ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ വില്ലനായി കുംഭ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. എന്നാല്‍ ഇതോടൊപ്പം മലയാളത്തിലും താരത്തിന്റെതായി ഗ്യാരണ്ടി പ്രൊജക്ടുകളാണ് വരാനിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ജൂലൈ പത്തിന് റിലീസിനൊരുങ്ങുന്ന ഐ നോബഡിയും അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ഖലീഫയും.

പൃഥ്വിരാജ്. Photo: X.com

ചിത്രവുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലെ അഭിമാന താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടിയുടെ ഭൂതക്കണ്ണാടിയും മോഹന്‍ലാലിന്റെ ഉദയനാണ് താരവുമാണ് തന്റെ ഇഷ്ടചിത്രമെന്ന് പറയുകയാണ് പൃഥ്വിരാജ്.

‘മമ്മൂക്കയുടെ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലെ പ്രകടനം വ്യക്തിപരമായി എന്റെ ഉള്ളില്‍ തൊട്ട ഒന്നാണ്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് ഒരു തലത്തിലാണെങ്കില്‍ അതില്‍ നിന്നും നമുക്ക് കിട്ടുന്ന ടേക്ക് എവേ മറ്റൊരു തരത്തിലാണ്. ഒരുപാട് ലെയറുകളുള്ള വളരെ ബ്യൂട്ടിഫുള്ളായ പെര്‍ഫോമന്‍സാണ് ചിത്രത്തിലേത്. മമ്മൂക്കയുടെ മാത്രമല്ല ലാലേട്ടന്റെയും ഒരുപാട് പെര്‍ഫോമന്‍സുകളുണ്ട്.

ഞാനദ്ദേഹത്തിന്റെ വലിയ ആരാധകനാണ്, എല്ലാവര്‍ക്കും അതറിയാവുന്ന കാര്യവുമാണ്. നമ്മള്‍ അദ്ദേഹത്തിന്റെ ഒരു പെര്‍ഫോമന്‍സ് കാണുമ്പോള്‍ അത് അത്ര വലിയ പെര്‍ഫോമന്‍സ് ഒന്നുമല്ല എന്ന തെറ്റിദ്ധാരണ നമ്മളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് ലാല്‍ സാറിന്റെ പെര്‍ഫോമന്‍സിന്റെ പ്രത്യേകതയാണ്. കാണുന്നവര്‍ക്ക് വളരെ ഈസിയായി തോന്നുന്ന വിധത്തിലാണ് അദ്ദേഹം പെര്‍ഫോം ചെയ്യുക.

ഉദയനാണ് താരം. Photo: Grihalakshmi

ഉദാഹരണത്തിന് ഉദയനാണ് താരം എന്ന ചിത്രമെടുക്കാം. ലാല്‍ സാറിന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് എന്ന തരത്തില്‍ ആളുകള്‍ അത് ചര്‍ച്ച ചെയ്യാറില്ലെങ്കിലും അതിലെ കഥാപാത്രവും അദ്ദേഹത്തിന്റെ പ്രകടനവും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj talks about Mohanlal’s performance in Udhayanu Tharam

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more