മലയാളത്തിലെ വലിയ പൊട്ടന്‍ഷ്യലുള്ള അഭിനേതാവാണ് പൃഥ്വിരാജ്. മോളിവുഡില്‍ നായകനടനായി കരിയര്‍ ആരംഭിച്ച താരം ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന അഭിനേതാവും സംവിധായകനുമാണ്. തന്റെ കരിയറിന്റെ ആരംഭകാലത്ത് പറഞ്ഞതുപോലെ നാല്‍പ്പത് വയസ് പിന്നിട്ടാലായിരിക്കും ഏറ്റവും കൂടുതല്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന കഥാപാത്രങ്ങള്‍ താന്‍ ചെയ്യുക എന്നതിനെ അന്വര്‍ത്ഥമാക്കി കൊണ്ടാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലൈനപ്പ്.
ഖലീഫ. Photo: X.com
അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ഐ നോബഡിയും ഓണത്തിന് റിലീസിനൊരുങ്ങുന്ന ഖലീഫയും അണിയറയില്‍ ഒരുങ്ങുന്ന രാജമൗലി ചിത്രം വാരണാസിയും ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന രാഹുല്‍ സദാശിവന്‍ ചിത്രം ഒടിയനും അടക്കം മിനിമം ഗ്യാരണ്ടി നല്‍കുന്ന ചിത്രങ്ങളാണ് താരത്തിന്റെ കസ്റ്റഡിയിലുള്ളത്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പുള്ള ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ. സ്വര്‍ണക്കടത്തുകാരനായ ആമിര്‍ അലിയായി താരം വേഷമിടുന്ന ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിയാകുകയായിരുന്നു.
കഴിഞ്ഞ ദിവസം, അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ഐ നോബഡി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഖലീഫയിലേക്ക് മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘2025 ഒക്ടോബറില്‍ ഞങ്ങള്‍ ലണ്ടനില്‍ പോയി ഖലീഫയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ഏകദേശം പന്ത്രണ്ട് ദിവസത്തോളമാണ് ചിത്രം ഷൂട്ട് ചെയ്തത്. ഷൂട്ട് ചെയ്ത് ഞങ്ങള്‍ക്ക് കിട്ടിയ റിസള്‍ട്ട് കണ്ടപ്പോള്‍ ടീമിന് ഒരുപാട് ആത്മവിശ്വാസം ലഭിച്ചു. അങ്ങനെയാണ് മാമ്പറക്കല്‍ അഹമദ് അലി എന്ന മുത്തശ്ശന്‍ കഥാപാത്രത്തിന് ഇനിയും ഇങ്ങനെ ഒരുപാട് കാലം എയറില്‍ നില്‍ക്കേണ്ടതില്ലെന്നും ആ കഥാപാത്രത്തെ തീര്‍ച്ചയാക്കാമെന്നും ഞങ്ങള്‍ തീരുമാനിച്ചത്.
പൃഥ്വിരാജ്. Photo: Screen Grab/ The Hollywood reporter India/ Youtube.com
അങ്ങനെ ആരാണ് ആ കഥാപാത്രം ചെയ്യുക എന്ന് എല്ലാവരും ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. എല്ലാവരും എത്തിച്ചേര്‍ന്നത് ലാലേട്ടന്റെ പേരിലാണ്. അങ്ങനെ ഞാനദ്ദേഹത്തെ വിളിച്ചു. ലാലേട്ടാ നിങ്ങള്‍ എന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു എന്റെ മുത്തശ്ശന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ എന്താണ് അഭിപ്രായം എന്നാണ് ഞാന്‍ ചോദിച്ചത്. പിന്നെന്താ മോനെ ചെയ്യാലോ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj talks about Mohanlal’s entry to Khalifa