| Sunday, 16th August 2026, 9:27 am

ബഹളം വെക്കല്ലേ, നിങ്ങളിത് ശ്രദ്ധിച്ച് കേള്‍ക്കണം, ഖലീഫ പാര്‍ട്ട് വണ്‍ ആമിര്‍ അലിയുടെ കഥയാണ്: പൃഥ്വിരാജ്

അശ്വിന്‍ രാജേന്ദ്രന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഐ ആം ഗെയിം ഓണം റേസില്‍ നിന്നും പിന്മാറിയതോടെ ആരാധകര്‍ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ. ഓഗസ്റ്റ് 20ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലും കാമിയോ റോളില്‍ എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. കൊടുവള്ളി പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ ടീസറുകളും മറ്റ് അപ്‌ഡേറ്റുകളും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചത്. ചിത്രത്തില്‍ ആമിര്‍ അലിയെന്ന സ്വര്‍ണക്കടത്തുകാരനായി പൃഥ്വിരാജ് വേഷമിടുമ്പോള്‍ ആമിറിന്റെ മുത്തച്ഛനായ മാമ്പറക്കല്‍ അഹമദ് അലിയെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

മോഹന്‍ലാലും പൃഥ്വിരാജും. Photo: Mathrubhumi English

മോഹന്‍ലാല്‍ കഥാപാത്രമായി ബന്ധപ്പെട്ട് കൂടുതല്‍ അപ്‌ഡേറ്റുകളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. മോഹന്‍ലാല്‍ എന്ന താരത്തിന്റെ സ്റ്റാര്‍ വാല്യൂ ഉപയോഗിക്കാതെ തന്നെ ചിത്രത്തിന് ഹൈപ്പുയര്‍ത്തുന്ന ഖലീഫയ്ക്ക് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഖലീഫയുമായി ബന്ധപ്പെട്ട് നടന്ന ഇവന്റില്‍ ചിത്രത്തെ കുറിച്ചും മോഹന്‍ലാലിന്റെ കാമിയോ റോളിനെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഖലീഫ ദി ഇന്‍ട്രോ എന്നാണ് ചിത്രത്തിന്റെ പേരെന്നും മാമ്പറക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പല ഭാഗങ്ങളിലായി മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രത്തെ പരാമര്‍ശിക്കുകയാണെന്നും പൃഥ്വി പറയുന്നു. ചിത്രം വിജയിക്കുകയാണെങ്കില്‍ അഹമദ് അലിയുടെ കഥ പ്രേക്ഷകരിലേക്കെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ഖലീഫയുടെ തിരക്കഥ എഴുതി കഴിഞ്ഞപ്പോള്‍ മാമ്പറക്കല്‍ ആമിര്‍ അലിയുടെ ഉപ്പൂപ്പയായി മറ്റൊരു കഥാപാത്രം ഉണ്ടാകുമെന്നറിയാമായിരുന്നു. മാമ്പറക്കല്‍ അഹമദ് അലിയായി ലാലേട്ടന്‍ അഭിനയിക്കണമെന്നത് ഞങ്ങളുടെയെല്ലാം ആഗ്രഹമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ എന്നോടുള്ള ഒരു സ്‌നേഹം കൊണ്ടെല്ലാം ആയിരിക്കാം. മോനെ ഉറപ്പായിട്ടും ചെയ്യാം എന്നെല്ലാം പറഞ്ഞ് അദ്ദേഹം അത് ചെയ്തു.

Photo: Mathrubhumi

പക്ഷേ എനിക്കൊരു കാര്യം എടുത്തു പറയാനുള്ളത്. ഞങ്ങള്‍ ആ കഥാപാത്രം ചെയ്യുന്നത് ലാലേട്ടനാണെന്ന് പറഞ്ഞ ആ പോസറ്ററില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഖലീഫ പാര്‍ട്ട് വണ്‍ ദി ഇന്‍ട്രോ എന്ന്. അതുകൊണ്ട് തന്നെ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമേയുള്ളൂ, അത് മാത്രമേ പ്രതീക്ഷിക്കാവൂ. ദൈവമനുഗ്രഹിച്ച് ഈ സിനിമ നിങ്ങള്‍ക്കിഷ്ടപ്പെട്ട് ഒരു വിജയമാവുകയാണെങ്കില്‍ തീര്‍ച്ചയായും ഇതിന് ഒരു രണ്ടാം ഭാഗമുണ്ടകും. അതില്‍ മാമ്പറക്കല്‍ അഹമദ് അലിയുടെ കഥ പൂര്‍ണമായും പറയുകയും ചെയ്യും,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj talks about Mohanlal’s character in Khalifa Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more