| Friday, 26th June 2026, 3:26 pm

ഇല്ലുമിനാറ്റി അന്ന് അബദ്ധത്തിൽ ഒരു ഇന്റർവ്യൂ കൊടുത്തുപോയതാണ്, വീണ്ടും ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾക്ക് മടുപ്പില്ലേ?: പൃഥ്വിരാജ് സുകുമാരൻ

കെ.എസ് ഷാബിന

മലയാളസിനിമയിൽ തന്റെ പേര് ഒരു ബ്രാൻഡായി എഴുതി ചേർത്ത നടനും സംവിധായകനും ആണ് പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. മലയാള സിനിമയിലെ സർവകാല റെക്കോഡുകൾ തകർത്ത ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധാനത്തിലേക്ക് ചുവടുവെച്ചത്. തുടർന്ന് ‘ബ്രോ ഡാഡി’, ബിഗ് ബജറ്റ് ചിത്രമായ ‘എമ്പുരാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മുൻനിര സംവിധായകരിലേക്ക് പൃഥ്വിരാജ് എന്ന പേര് ചേർത്തുവെക്കപ്പെട്ടു.

വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ 10 വർഷം കഴിഞ്ഞാൽ താൻ എവിടെ ആയിരിക്കും , താൻ എന്തൊക്കെ നേടിയിട്ടുണ്ടാവും എന്ന് ആഗ്രഹങ്ങളായി പൃഥ്വിരാജ് പറഞ്ഞിരുന്നു. അതിന്റെ അഭിമുഖത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പൃഥ്വിരാജ് ഇല്ലുമിനാറ്റി ആണ് എന്ന തരത്തിൽ ആണ് സോഷ്യൽ മീഡിയ റീലുകൾ.

ഇപ്പോൾ ഐ നോബോഡി എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ ഇല്ലുമിനാറ്റിയുമായി ബന്ധപ്പെടുത്തി ചോദിച്ച ചോദ്യത്തിന് പൃഥ്വി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വർഷങ്ങൾക്ക് മുമ്പ് പ്രിത്വി പറഞ്ഞ എല്ലാം ഓരോന്നായി താരം നേടുന്നത് ഇല്ലുമിനാറ്റി ആണോ, അതോ ഡിസിപ്ലിൻ ആണോ അതിനു പിന്നിൽ എന്ന ആരാധകന്റെ ചോദ്യത്തിനായിരുന്നു പൃഥ്വി നൽകിയത് 10 വർഷം മുമ്പ് താൻ അത് അബദ്ധത്തിൽ നൽകിയ ഇന്റർവ്യൂ ആയിരുന്നു എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

‘എനിക്ക് അതിനുള്ള ഉത്തരം എന്താണെന്ന് പോലും അറിയില്ല. പത്ത് വർഷം മുമ്പുള്ള ഒരു കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾക്ക് മടുപ്പില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്; കാരണം, അതിന് ഉത്തരം പറഞ്ഞ് എനിക്ക് മടുത്തു തുടങ്ങി. പത്ത് വർഷം മുമ്പ് അബദ്ധത്തിൽ ഒരു ഇന്റർവ്യൂ കൊടുത്തുപോയതാണ് ആ ഇല്ലുമിനാറ്റി കഥ. ഇതൊക്കെ ചെയ്തതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെയായത് എന്ന് പറയാൻ എന്റെ പക്കൽ കൃത്യമായ ഒരു ഉത്തരമില്ല.

എനിക്ക് സിനിമ ഭയങ്കര ഇഷ്ടമാണ്. സിനിമ ഷൂട്ടിങ് എന്ന പ്രോസസ്സ് ഞാൻ അത്രമേൽ ആസ്വദിക്കുന്നുണ്ട്. ഒരു സിനിമ നിർമിക്കുന്ന പ്രക്രിയയിൽ പങ്കാളിയാവുക എന്നതാണ് ഇന്നും എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യം. ആ സന്തോഷം ഉള്ളടത്തോളം കാലം ഇങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നാണ് എന്റെ പ്രതീക്ഷ.

ആഗ്രഹങ്ങൾക്ക് ലൈസൻസ് ആവശ്യമില്ലല്ലോ. ആ കാര്യത്തിൽ ഞാൻ വലിയ രീതിയിൽ അംബീഷ്യസ് ആയിട്ടുള്ള ആളാണ്. അതോടൊപ്പം തന്നെ ഞാൻ അതിനായി കഠിനമായി പ്രയത്നിക്കാറുമുണ്ട്. എല്ലാ സ്വപ്നങ്ങളും നടക്കണമെന്നില്ല, ചിലതൊന്നും നടക്കാത്തതിൽ എനിക്ക് കുഴപ്പവുമില്ല. പക്ഷേ, അതിനുവേണ്ടി ശ്രമിക്കാതിരിക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല’, പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു.

Content Highlight: Prithviraj Sukumaran talks about Illuminatti

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more