പൃഥ്വിരാജ് എന്ന താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന ചിത്രമാണ് നിസാം ബഷീറിന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഐ നോബഡി. പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആക്ഷന്‍ മൂഡിലുള്ള ചിത്രമാണെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ടെങ്കിലും സര്‍വം ദുരൂഹത ബാക്കിയാക്കി പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയാണ് ചിത്രം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്.
കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന രീതിയിലും ഐ നോബഡിയ്ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ വെച്ച് പുലര്‍ത്തുന്നത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത് എന്നതും ഐ നോബഡിയുടെ പ്ലസ് പോയിന്റുകളിലൊന്നാണ്. കഴിഞ്ഞ ദിവസം ചിത്രവുമായി ബന്ധപ്പെട്ട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ സംവിധായകന്‍ നിസാം ബഷീറിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഐ നോബഡി. Photo: District
‘സിനിമയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് നിസാം ബഷീര്‍ എന്ന സംവിധായകനെ കുറിച്ചാണ് സംസാരിക്കേണ്ടത്. നിസാമിന്റെ ആദ്യ ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ എന്റെ സുഹൃത്ത് ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു നിര്‍മിച്ചിരുന്നത്. പക്ഷേ ഞാനും ഒരര്‍ത്ഥത്തില്‍ ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ മലയാള സിനിമയ്ക്ക് വളരെ ഒറിജിനലായിട്ടുള്ള ടാലന്റഡായിട്ടുള്ള വളരെയധികം ക്രാഫ്റ്റുള്ള സംവിധായകന്‍ വരുന്നുണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു.
കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ഒരു ചിത്രം നിര്‍മിക്കാനായിട്ടാണ് എന്നെ കാണാന്‍ വരുന്നത്. ആ സിനിമയുടെ ചര്‍ച്ചക്കിടയിലും ഇയാള്‍ ഒരു നല്ല ഫിലിം മേക്കറാണല്ലോ എന്ന് എനിക്ക് തോന്നി. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് ഇങ്ങനെയൊരു ചിത്രത്തിന്റെ കഥയുമായി നിസാമും സമീറും എന്നെ കാണാന്‍ വരുന്നത്.
നിസാം ബഷീര്‍. Photo: Times Now
കഥ കേട്ട് കഴിഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് ഈ കഥ ഞാന്‍ പ്രൊഡ്യൂസ് ചെയ്യാമെന്നാണ്. കാരണം ഈ സിനിമ ഭയങ്കരമായിട്ട് പ്രൊട്ടക്ട് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ പറഞ്ഞത് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഒരു നിര്‍മാതാവെന്നതിനെക്കാള്‍ ഒരു അഭിനേതാവെന്ന നിലയിലാണ് ഞാന്‍ കൂടുതല്‍ എക്‌സൈറ്റഡായിട്ടുള്ളത്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj talks about his new movie I Nobody and its director Nissam Basheer