വ്യത്യസ്തമായ വേഷങ്ങളിലൂടെയും സിനിമകളിലൂടെയും ഇന്ത്യന്‍ സിനിമാ മേഖലയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് പൃഥ്വിരാജ്. സംവിധാനം ചെയ്ത ചിത്രങ്ങള്‍ വലിയ വിജയമാക്കി കൊണ്ടും പൃഥ്വിരാജ് തന്റെ കഴിവ് തെളിയിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഐ നോബഡി. സമ്മിശ്ര പ്രതികരണം നേടി മികച്ച പ്രകടനമാണ് ചിത്രം തിയേറ്ററുകളില്‍ കാഴ്ചവെക്കുന്നത്.
താരത്തിന്റെ കരിയറില്‍ തന്നെ വലിയ പ്രശംസ നേടിയ ചിത്രമായിരുന്നു ബ്ലെസി സംവിധാനം ചെയ്ത് 2024ല്‍ തിയേറ്ററുകളിലെത്തിയ ഗോട്ട് ലൈഫ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പലരും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം താരത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജവാനിലെ പ്രകടനത്തിന് ഷാരൂഖ് ഖാന്‍ പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു.
ഗോട്ട് ലൈഫ്. Photo: The Indian Express
2023ല്‍ ചിത്രം സെന്‍സര്‍ ചെയതതിനാല്‍ തന്നെ ആ വര്‍ഷത്തെ പുരസ്‌കാരത്തിനായിരുന്നു ചിത്രത്തെ പരിഗണിച്ചിരുന്നത്. എന്നാല്‍ പലരും ചിത്രം റിലീസായത് 2024 ല്‍ ആയതിനാല്‍ പ്രഖ്യാപിക്കാനിരിക്കുന്ന 72ാമത് നാഷണല്‍ അവാര്‍ഡ്‌സ് ലിസ്റ്റിലായിരിക്കും ഗോട്ട് ലൈഫ് പരിഗണിക്കുക എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഐ നോബഡിയുമായി ബന്ധപ്പെട്ട് ഒരു ഇവന്റില്‍ സംസാരിക്കവെ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിന് പൃഥ്വിരാജ് പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഗോട്ട് ലൈഫ് 2023ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ദേശീയ പുരസ്‌കാരത്തിനായി മത്സരിച്ചതാണെന്നും അന്ന് ജവാനിലെ പ്രകടനത്തിന് ഷാരൂഖ് ഖാനാണ് അവാര്‍ഡ് സ്വന്തമാക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞു. ഗോട്ട് ലൈഫ് ചിത്രത്തിന് യാതൊരു അവാര്‍ഡും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇനി മത്സരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോട്ട് ലൈഫ്. Photo: Scroll.in
വരാനിരിക്കുന്ന 72ാമത് ദേശീയ പുരസ്‌കാരത്തില്‍ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷ കല്പിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം 2024ലായിരുന്നു പുറത്തിറങ്ങിയത്. എന്നാല്‍ പുരസ്‌കാര സമിതിയുടെ മേല്‍ പ്രതീക്ഷ വെക്കേണ്ടതില്ലെനന്നും പുഷ്പ 2 എന്ന കൊമേഷ്യല്‍ ചിത്രത്തിലെ പ്രകടനത്തിന് അല്ലു അര്‍ജുനായിരിക്കും ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ലഭിക്കുക എന്നും പലരും അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
Content Highlight: Prithviraj Talks about Goat life Movie and National awards