| Tuesday, 23rd June 2026, 7:52 pm

ഇതൊരു ആക്ഷന്‍ ചിത്രമല്ല ഓരോ അഞ്ച് മിനുട്ടിലും ഴോണര്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്: പൃഥ്വിരാജ്

അശ്വിന്‍ രാജേന്ദ്രന്‍

സിനിമാ മേഖലയില്‍ തനിക്കുള്ള നിരീക്ഷണ പാടവം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവും സംവിധായകനുമാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാള സിനിമയിലെ മുന്‍നിര താരമായി മാറിയ താരം വരാനിരിക്കുന്ന രാജമൗലി ചിത്രം വാരണാസിയില്‍ വില്ലന്‍ വേഷത്തിലെത്തുമ്പോള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പൃഥ്വിരാജ് തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

മലയാളത്തിലും മിനിമം ഗ്യാരണ്ടി നല്‍കുന്ന സിനിമകളാണ് താരത്തിന്റേതായി പുറത്ത് വരാനിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ജൂലൈ 9ന് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ഐ നോബഡി. കെട്ട്യോളാണ് എന്റെ മാലാഖ റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

ഐ നോബഡി. Photo: X.com

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം പുറത്തുവന്നിരുന്നെങ്കിലും ഏത് ഴോണറിലായിരിക്കും ചിത്രം കഥ പറയുന്നതെന്ന സൂചന ഈ അപ്‌ഡേറ്റുകള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ചിത്രത്തിലുടനീളം പല ഴോണറുകല്‍ ചര്‍ച്ചയാക്കുന്നുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്.

‘ഒരു സിങ്കുലര്‍ ഴോണറിലേക്ക് പിടിച്ചുകെട്ടാന്‍ പറ്റുന്ന ഒരു സ്വഭാവം ഈ ചിത്രത്തിനില്ല. ആദ്യമായി ചിത്രത്തിന്റെ കഥ കേട്ട് കൊണ്ടിരുന്നപ്പോഴും ഓരോ അഞ്ച് മിനുട്ടിലും ഴോണറില്‍ മാറ്റം വരുന്നതായി തോന്നിയിരുന്നു. നമുക്ക് പരിചിതമായി ഒരുപാട് ഴോണറുകളിലൂടെയെല്ലാം കടന്ന് പോകുകയും അതേ സമയം അത്ര പരിചിതമല്ലാത്ത രീതിയില്‍ കഥ പറയുകയും ചെയ്യുന്ന സിനിമയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

പക്ഷേ എന്നോട് ഒരു പ്രത്യേക ഴോണര്‍ എന്ന് ചോദിച്ചാല്‍ ഇതൊരു ഡ്രാമയാണെന്ന് പറയാനാണ് എനിക്ക് ആഗ്രഹം. ഈ ഭാഗങ്ങളാണ് ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്തത്,’ പൃഥ്വിരാജ് പറഞ്ഞു.

ഖലീഫ. Photo: IMDB

ഐ നോബഡിയ്ക്കും വാരണാസിയ്ക്കും പുറമെ മറ്റ് ഒട്ടനവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഓണം റിലീസായെത്തുന്ന ഖലീഫ. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഡിയസ് ഈറെക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ നായകനായെത്തുന്നതും പൃഥ്വിയാണ്.

Content Highlight: Prithviraj talks about genre of his new movie I Nobody

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more