മലയാള സിനിമയിലെ പാന്‍ ഇന്ത്യന്‍ മുഖമായ നടന്മാരാണ് ഫഹദ് ഫാസിലും പൃഥ്വിരാജും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും തിരക്കുള്ള താരങ്ങളാണ് ഇരുവരും. ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് സൂമിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ്.
തങ്ങള്‍ ഇരുവര്‍ക്കും ചെറുപ്പം മുതല്‍ തന്നെ അറിയാമെന്നും തങ്ങള്‍ നെപ്പോ കിഡ്‌സ് ആണെന്നും പൃഥ്വിരാജ് പറയുന്നു. താനും ഫഹദും തമ്മില്‍ ഇപ്പോഴും ഒരു സ്‌പെഷ്യല്‍ ബോണ്ട് പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലെ മികച്ച ഫിലിം മേക്കറില്‍ ഒരാളായ ഫാസിലിനെ കുറിച്ചും പൃഥ്വിരാജ് സംസാരിച്ചിരുന്നു.
‘ഫഹദിന്റെ അച്ഛന്‍ മലയാള സിനിമയിലെ ഒരു ഇതിഹാസ ഫിലിം മേക്കറാണ്. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണദ്ദേഹം. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി സൂപ്പര്‍സ്റ്റാറുകളെ അദ്ദേഹം മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തി. എന്റെ കരിയര്‍ ആരംഭിക്കുന്നതിലും അദ്ദേഹം പ്രധാനപ്പെട്ട ഒരു പങ്കുവെച്ചിട്ടുണ്ട്,’ പൃഥ്വിരാജ് പറയുന്നു.
താന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അസിനുമായി ഒരു സ്‌ക്രീന്‍ ടെസ്റ്റിന് ഫാസില്‍ വിളിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. അന്ന് അത് എന്തിന് ചെയ്യുന്നതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും തന്റെ കൂടെ അസിന്‍ തോട്ടുങ്കല്‍ എന്ന പെണ്‍കുട്ടിയായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ ഫഹദിന്റെ വീട്ടില്‍ വെച്ചാണ് ടെസ്റ്റ് ഷൂട്ട് നടത്തിയത്. അത് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് എനിക്ക് ആക്ഷന്‍ സിനിമകളിലാണ് കൂടുതല്‍ ഭാവി എന്നാണ്. പിന്നെ അദ്ദേഹം എന്നെകുറിച്ച് രഞ്ജിത്ത് സാറിനോട് പറഞ്ഞു. അങ്ങനെയാണ് എന്റെ ആദ്യ ചിത്രമായ നന്ദനത്തിലേക്ക് ഞാന്‍ എത്തുന്നത്. ഞാന്‍ ചെയ്ത ടെസ്റ്റ് ഷൂട്ട് പിന്നീട് ഫഹദിന്റെ ആദ്യ ചിത്രമായി മാറി,’ പൃഥ്വിരാജ് പറഞ്ഞു.
അതേസമയം ഫഹദ് ഫാസില്‍ നായകനായ മാരീശന്‍ എന്ന ചിത്രവും പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ബോളിവുഡ് ചിത്രം സര്‍സമീനും ജൂലൈ 25 ന് റിലീസ് ചെയ്തിരുന്നു. ഫഹദിന്റെ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ പൃഥ്വിരാജിന്റെ സര്‍സമീന്‍ ജിയോ ഹോട്സ്റ്റാറിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.
Content Highlight: Prithviraj Talks About Fahad Faasil