| Monday, 14th September 2026, 5:40 pm

'ടൈം ട്രാവൽ എപിക്' എന്ന് വിളിക്കില്ല, 'വാരണാസി' അതിനും അപ്പുറമാണ്; പൃഥ്വിരാജ്

അജ്മല്‍ കെ

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി ചിത്രത്തെ ‘ടൈം ട്രാവൽ എപിക്’ എന്ന് വിശേഷിപ്പിക്കില്ലെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിൽ ഒന്നിലധികം ടൈംലൈനുകൾ ഉണ്ടെന്നും കഥ ഈ ടൈംലൈനുകളിലൂടെയല്ലാം സഞ്ചരിക്കുന്നുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ ഒരു പ്രത്യേക ഴോണറിൽ സിനിമയെ ഒതുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദായ്‌റ മൂവിയുടെ പ്രൊമോഷന്റെ ഭാഗമായി സൂം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ടൈം ട്രാവൽ എപിക് എന്ന് ഞാൻ സിനിമയെ വിളിക്കില്ല. ചിത്രത്തിൽ ഒന്നിലധികം ടൈംലൈനുകൾ ഉണ്ടെന്നത് നമ്മൾ പുറത്തുവിട്ട ഗ്ലിംപ്സിൽ നിന്ന് തന്നെ വ്യക്തമാണ്. കഥ ഈ ടൈംലൈനുകളിലൂടെയെല്ലാം സഞ്ചരിക്കുന്നുണ്ട്. പക്ഷേ, ഒരു ഴോണറിനുള്ളിൽ മാത്രം സിനിമയെ ക്ലാസിഫൈ ചെയ്യാൻ കഴിയില്ല. അതിനേക്കാൾ വലുതാണ് കഥ,’ പൃഥ്വിരാജ് പറഞ്ഞു.

നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. എസ്.എസ്. രാജമൗലിയെപ്പോലൊരു സംവിധായകനൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു നടനെന്ന നിലയിൽ വലിയ ഭാഗ്യമായാണ് കാണുന്നതെന്നും താരം പറഞ്ഞു.

‘രാജമൗലി ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. അദ്ദേഹം തന്റെ ഏറ്റവും വലിയ പ്രോജക്ട് ഒരുക്കുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു പ്രിവിലേജാണ്. അദ്ദേഹത്തിന്റെ വിഷനിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൊന്നായ കുംഭയെ അവതരിപ്പിക്കാനും അദ്ദേഹത്തോടൊപ്പം നിന്ന് അദ്ദേഹത്തിന്റെ ചിന്തകളും സിനിമയെടുക്കുന്ന രീതിയും മനസിലാക്കാനും കഴിഞ്ഞത് വലിയ അനുഭവമായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

തന്നെ കുംഭ എന്ന കഥാപാത്രത്തിനായി വിശ്വസിച്ച രാജമൗലിയോട് നന്ദിയുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ‘എന്നെ ഈ കഥാപാത്രം ഏൽപ്പിക്കാൻ താൻ ഒരു നടനെന്ന നിലയിൽ മതിയെന്ന് രാജമൗലിയെപ്പോലൊരു സംവിധായകൻ വിശ്വസിച്ചതിൽ അഭിമാനമുണ്ട്,’ എന്നും താരം പറഞ്ഞു.

മഹേഷ് ബാബുവിനും പ്രിയങ്ക ചോപ്രയ്ക്കുമൊപ്പമുള്ള അനുഭവത്തെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ മഹേഷ് ബാബുവിനും ഇന്ത്യൻ സിനിമയിലെ ഗ്ലോബൽ ഐക്കണായ പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

‘ഞങ്ങൾ മൂന്നുപേരും വളരെ സ്പെഷ്യലായ ഒന്നിന്റെ ഭാഗമാണെന്ന ബോധ്യത്തോടെയാണ് അവിടെ ഉണ്ടായിരുന്നത്. രാജമൗലിയെപ്പോലൊരു സംവിധായകൻ ഞങ്ങളെ ഏൽപ്പിച്ച വിശ്വാസവും ഉത്തരവാദിത്തവും ഞങ്ങൾക്കുണ്ടായിരുന്നു. ആ പ്രിവിലേജ് ഞങ്ങൾ മൂന്നുപേരും ഒരുപോലെ പങ്കിട്ടുണ്ടായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

യഥാർത്ഥ സംഭവത്തെ അടിസ്ഥനമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ മൂവിയാണ് ‘ദായ്റ’. കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ കരീന കപൂർ ഖാൻ ഡി.സി.പി അജൂനി കോഹ്‌ലിയായും പൃഥ്വിരാജ് ഡി.സി.പി രമൺ കുമാറായും എത്തുന്നു. കാണാതായ ഒരു പെൺകുട്ടിയുടെ കേസാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും.

Content Highlight: Prithviraj sukumaran talks about varanasi movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more