സമകാലിക സിനിമാരംഗത്ത് മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനേതാവാണ് പൃഥ്വിരാജ്. മലയാളത്തില്‍ നായകനടനായും സംവിധായകനായും തിളങ്ങിയ താരം അന്യഭാഷകളിലും സജീവമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ സര്‍സമീന്‍ എന്ന ഹോളിവുഡ് ചിത്രത്തിലും പ്രാശാന്ത് നീലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം സലാറിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.
ഇതിനെല്ലാം പുറമെ ഇന്ത്യയിലെ ടോപ് ഡയറക്ടര്‍ എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയില്‍ മഹേഷ് ബാബുവിന്റെ വില്ലനായും താരത്തിന് അവസരം ലഭിച്ചതോടെ മോളിവുഡിനും വലിയ ബൂസ്റ്റാണ് ലഭിച്ചിരിക്കുന്നത്. അന്റാര്‍ട്ടിക്കയിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആയിരം കോടിയോളം ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന സവിശേഷതയിലാണ് അണിയറയില്‍ ഒരുങ്ങുന്നത്.
Photo: District
ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യാനായി രാജമൗലി തന്നെ സമീപിച്ചതിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഐ നോബഡിയുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘രാജമൗലിയുടെ നരേഷനെ കുറിച്ച് പറഞ്ഞ് അദ്ദഹത്തിന്റെ കൂടെ ഭാവിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്ന അഭിനേതാക്കള്‍ക്ക് ഒരു സ്‌പോയിലര്‍ ആവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എമ്പുരാന്‍ ചെയ്യുന്ന സമയത്താണ് അദ്ദേഹത്തെ വിളിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട് എനിക്ക് മെസേജ് വരുന്നത്. വിളിച്ചപ്പോള്‍ അദ്ദേഹം പുതുതായി എഴുതുന്ന ചിത്രത്തില്‍ ഒരു പ്രതിനായക വേഷമുണ്ടെന്നും ഞാന്‍ ചെയ്യുകയാണെങ്കില്‍ കഥ പറയാമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ എമ്പുരാന്റെ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ കിട്ടിയ ബ്രേക്കില്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. അദ്ദേഹത്തിന്റെ ഓഫീസ് ഒരു വീട് പോലെ തന്നെയാണ്. അവിടെ വെച്ച് അദ്ദേഹം കഥ പറഞ്ഞത്. ഏകദേശം മൂന്ന് മൂന്നര മണിക്കൂര്‍ എടുത്താണ് അദ്ദേഹം കഥ പറഞ്ഞുതീര്‍ത്തത്. ഒരു സിനിമ കാണുന്ന പോലെ തന്നെ അത്രയും ക്ലിയറായിട്ടാണ് അദ്ദേഹത്തിന്റെ അവതരണം.
വാരണാസി. Photo: NDTV
ആ റൂം ഭയങ്കര തണുപ്പായിരുന്നു. അദ്ദേഹത്തിന്റെ കഥ പറച്ചില്‍ തടസ്സപ്പെടുത്തേണ്ട എന്ന് കരുതി ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ നരേഷന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ടി ഷര്‍ട്ടില്‍ മുഴുവനായി വിയര്‍പ്പിന്റെ അടയാളം ഉണ്ടായിരുന്നു. അതാണ് അദ്ദേഹത്തിന്റെ കഥ പറച്ചിലിനെ കുറിച്ച് എനിക്കുള്ള അനുഭവം. ക്യാമറയുടെ മുന്നിലും പിന്നിലും അദ്ദേഹം നല്ലൊരു സ്‌റ്റോറി ടെല്ലര്‍ കൂടെയാണ്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj Sukumaran talks about Rajamouli’s narration for Varanasi Movie