| Monday, 23rd November 2026, 8:17 pm

രാഹുല്‍ സദാശിവന് അഭിനന്ദനങ്ങള്‍, ഞാനൊക്കെ പഠിച്ചുവളര്‍ന്നത് ഇത്തരം സിനിമകളിലൂടെയാണ്: പൃഥ്വിരാജ് സുകുമാരന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഹൊറര്‍ സിനിമക്ക് മോളിവുഡില്‍ പുതിയൊരു ഡെഫിനിഷന്‍ നല്‍കിയ സംവിധായകനായിരുന്നു രാഹുല്‍ സദാശിവന്‍. ഓരോ സിനിമയിലും പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. ഭാഷതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായ ഭ്രമയുഗവും ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ഡീയസ് ഈറേയും അതിന്റെ ഉദാഹരണങ്ങളാണ്.

ഡീയസ് ഈറേക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. മോളിവുഡിലെ ഏറ്റവും ഹൈപ്പേറിയ സിനിമയായി വന്ന് പ്രേക്ഷകരെ പാടെ നിരാശരാക്കിയ ഒടിയന്‍ എന്ന സബ്ജക്ട് രാഹുല്‍ ഒരിക്കല്‍കൂടി വെള്ളിത്തിരയിലെത്തിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. പൃഥ്വിരാജാണ് ഇത്തവണ ഒടിയനായി വേഷമിടുന്നത്.

ഒടിയന്‍. Photo: X.com

വെറും 17 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം കഴിഞ്ഞയാഴ്ച പാക്കപ്പായിരുന്നു. ധര്‍മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ പാക്കപ്പിനിടയില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയ രാഹുല്‍ സദാശിവനെയും ടീമിനെയും പൃഥ്വിരാജ് അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താന്‍ പഠിച്ചുവളര്‍ന്നത് ഇത്തരത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ചിത്രങ്ങളിലൂടെയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

‘ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുകയും കുറച്ച് ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുള്ള ആളാണ്. എന്റെ ഒരു അനുഭവത്തില്‍, പേപ്പറില്‍ നമ്മള്‍ ഒരു സിനിമയുടെ പ്ലാനുണ്ടാക്കിയിട്ട് അതിനെക്കാള്‍ ഭംഗിയായി, അതിനെക്കാള്‍ വേഗത്തില്‍ ഒരു സിനിമ പൂര്‍ത്തിയാക്കുക എന്ന് പറഞ്ഞാല്‍ അത് എപ്പോഴും നടക്കുന്ന ഒരു കാര്യമല്ല. അത് രാഹുലിന്റെ ടീമിലുള്ളവര്‍ക്കുള്ള ക്രെഡിറ്റാണ്.

ഇത്രയും മനോഹരമായി, എഫിഷെന്റായി, പ്ലാന്‍ ചെയ്തതിനെക്കാള്‍ കുറച്ച് ദിവസത്തിനുള്ളില്‍ ഇത്രയും സിസ്റ്റമാറ്റിക്കായി ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ധര്‍മ പ്രൊഡക്ഷന്‍സിന്റെയും ഭാഗത്ത് നിന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ നന്ദി. സിനിമ ഇങ്ങനെയാണ് ചെയ്യേണ്ടത്. ഞാനെല്ലാം പഠിച്ചുവളര്‍ന്നത് ഇത്തരം സിനിമകളിലൂടെയാണ്.

ഒടിയന്‍. Photo: X.com

കൃത്യം പ്ലാനിങ്ങോട് കൂടി, ഓരോ ദിവസവും ലൊക്കേഷനില്‍ പോകുമ്പോള്‍ എന്തെല്ലാം ഷോട്ടുകള്‍ എടുക്കേണമെന്ന് നേരത്തേ കരുതിക്കൂട്ടി, ഡിസൈന്‍ ചെയ്ത്, അങ്ങനെയാണ് സിനിമ ചെയ്യേണ്ടതെന്ന് പഠിച്ച ആളാണ് ഞാന്‍. പക്ഷേ അതെല്ലാം ഓള്‍ഡ് ഫാഷനാണ്, അത് ഇപ്പോള്‍ ചെലവാകില്ല എന്ന ധാരണ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ വന്ന് തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ട്രഡീഷണലായി സിനിമ ചെയ്യുന്ന സംവിധായകനെയും അദ്ദേഹത്തിന്റെ ടീമിനെയും കാണുമ്പോള്‍ വലിയ സന്തോഷം,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Sukumaran talks about Rahul sadashivan and his team

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more