| Friday, 4th September 2026, 2:58 pm

ഞാന്‍ മലയാള സിനിമയില്‍ നിന്നുമാണ്, പക്ഷേ എനിക്കിപ്പോള്‍ എല്ലായിടവും സ്വന്തം ഇന്‍ഡസ്ട്രി പോലെയാണ്: പൃഥ്വിരാജ്

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയില്‍ മലയാള സിനിമയുടെ ബ്രാന്‍ഡ് അബാസഡറായി പ്രവര്‍ത്തിക്കുന്ന നടനെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനേതാവാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനേതാവ് എന്നതിന് പുറമെ സംവിധായകനായും കഴിവ് തെളിയിച്ച പൃഥ്വിയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഖലീഫ. ഓണം റിലീസായെത്തിയ ചിത്രം 50 കോടിയിലധികം നേടിയാണ് തിയേറ്ററുകളില്‍ മുന്നേറുന്നത്. എന്നാല്‍ ഏവരും ഉറ്റുനോക്കുന്നത് പൃഥ്വിരാജിന്റെതായി വരാനിരിക്കുന്ന ബോളിവുഡ് ചിത്രം ദായ്‌റയാണ്.

ദായ്‌റ. Photo: District

പ്രശസ്ത സംവിധായിക മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂറും പൃഥ്വിരാജ് സുകുമാരനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രം ക്രൈം ത്രില്ലറായാണ് സംവിധായിക ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ഇന്ത്യയിലെ ഫിലിം ഇന്‍ഡസ്ട്രികള്‍ക്കിടിയിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാകുന്നതിനെ കുറിച്ചും ഭാഷാവ്യത്യാസമില്ലാതെ താരങ്ങള്‍ ചിത്രങ്ങളുടെ ഭാഗമാകുന്നതിനെ കുറിച്ചും പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള അഭിനേതാക്കള്‍ ഒരു സംവിധായകന്റെ അല്ലെങ്കില്‍ സംവിധായകയുടെ കീഴില്‍ ഒന്നിച്ച് ചേരുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറിയതില്‍ ഞാനൊരുപാട് സന്തോഷവാനാണ്. ഒരു മലയാളം അഭിനേതാവായ ഞാന്‍ ഇപ്പോള്‍ വരുന്നത് തെലുങ്ക് സൂപ്പര്‍താരമായ മഹേഷ് ബാബു നായകനാകുകയും ബോളിവുഡിലും ഹോളിവുഡിലും സജീവമായി അഭിനയിക്കുന്ന പ്രിയങ്ക ചോപ്ര നായികയാകുകയും ചെയ്യുന്ന വാരണാസിയുടെ സെറ്റില്‍ നിന്നുമാണ്.

ദായ്‌റ. Photo: South Asian Herald

എന്നോട് ഏത് സിനിമാ മേഖലയില്‍ നിന്നുമാണ് ഞാന്‍ വരുന്നത് എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മലയാളത്തില്‍ നിന്നുമാണ്. എന്നാല്‍ എന്നെ സംബന്ധിച്ച് മലയാളത്തില്‍ വര്‍ക്ക് ചെയ്യുന്ന പോലെ തന്നെയാണ് മറ്റ് ഭാഷകളിലും വര്‍ക്ക് ചെയ്യുന്നത്. ഇത്രയും നല്ല തിരക്കഥയുള്ള ചിത്രത്തില്‍ മേഘ്‌ന നടത്തിയ ഓരോ കാസ്റ്റും അത്രയും പെര്‍ഫെക്ട് ആണ്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Sukumaran talks about making films with the boundary of language

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more