| Monday, 28th July 2025, 1:19 pm

മോഹന്‍ലാല്‍ സാറിനെപോലെയാണ് കാജോളെന്ന് തോന്നിയിട്ടുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, കാജോള്‍, ഇബ്രാഹിം അലി ഖാന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് സര്‍സമീന്‍. കയോസ് ഇറാനി സംവിധാനം ചെയ്ത ചിത്രം ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയിരുന്നു.

കാജോളും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ കാജോളിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

‘കാജോലിനോടൊപ്പം റിഹേഴ്സല്‍ ചെയ്തതുപോലെ ആയിരിക്കില്ല ടേക്ക് എടുക്കുമ്പോള്‍ അവര്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ സാറിന്റെ കാര്യത്തിലും ഇത് സംഭവിക്കാറുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം വളരെ നന്നായി മറ്റുള്ളവരെ കൂടി പരിഗണിക്കുന്ന ആളാണ്. നമ്മള്‍ അദ്ദേഹത്തോടൊപ്പം അഞ്ച് ടേക്കുകള്‍ ചെയ്താല്‍ ഓരോ ടേക്കും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അക്കാര്യത്തില്‍ കാജോള്‍ അദ്ദേഹത്തെപ്പോലെയാണ്. ഓരോ ടേക്കും വ്യത്യസ്തമായിട്ടായിരിക്കും കാജോള്‍ ചെയ്യുക,’ പൃഥ്വിരാജ് പറഞ്ഞു.

നേരത്തെ ജെസ്റ്റ് ടൂ ഫിലിമിക്ക് നല്‍കിയ അഭിമുഖത്തില്‍ കാജോളിനോടൊപ്പം അഭിനയിക്കുന്നത് ഒരു നടന്‍ എന്ന നിലക്ക് തനിക്ക് കിട്ടിയ പ്രിവിലേജ് ആണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

‘കാജോളിനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ പ്രിവിലേജ് ആയിട്ടാണ് ഞാന്‍ കരുതുന്നത്. ഒരുപാട് കഴിവുകളുള്ള, ക്രിയേറ്റിവ് ആയിട്ടുള്ള ഒരാളാണ്. അടിപൊളിയാണ് കാജോള്‍. അവര്‍ സെറ്റിലേക്ക് വന്നാല്‍ തന്നെ സെറ്റ് അങ്ങ് ഉണരും. എപ്പോഴും ഭയങ്കര എനര്‍ജെറ്റിക്കാണ്,’ പൃഥ്വിരാജ് പറയുന്നു.

സംവിധായകന്‍ കയോസ് ഇറാനി ആദ്യം തന്റെ അടുത്താണ് കഥ പറഞ്ഞതെന്നും താന്‍ ഓക്കെ പറഞ്ഞതിന് ശേഷമാണ് കാജോളിന്റെ അടുത്ത് കഥ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാജോളിന്റെ ഓഫീസിലേക്ക് കഥ പറയാന്‍ പോകുകയാണ് എന്നറിഞ്ഞപ്പോള്‍ തന്നെ കാജോള്‍ ഈ സിനിമയിലേക്ക് വരുമോ ഇല്ലയോ എന്ന് തന്റെ അടുത്ത് പറയണമെന്ന് സംവിധായകന് താന്‍ മെസേജ് അയച്ചിരുന്നുവെന്ന് പൃഥ്വി പറഞ്ഞു. കാജോള്‍ യെസ് പറഞ്ഞ ദിവസം സര്‍സമീന്‍ എന്ന ചിത്രത്തിന്റെ നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Prithviraj Sukumaran Talks About Kajol

\

We use cookies to give you the best possible experience. Learn more