| Wednesday, 1st July 2026, 10:30 am

ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ പണം കൂടി കിട്ടുന്നതാണ് ഏറ്റവും നല്ല ജീവിതം, ഞങ്ങൾക്ക് ആ ഭാഗ്യമുണ്ട്: പൃഥ്വിരാജ്

കെ.എസ് ഷാബിന

മലയാള സിനിമയിൽ സ്വന്തം പേര് ഒരു ബ്രാൻഡാക്കി മാറ്റിയ നടനും സംവിധായകനുമാണ് പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിൽ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളിലും ഇന്ന് താരം സജീവ സാന്നിധ്യമാണ്. ‘നന്ദനം’ എന്ന ആദ്യചിത്രത്തിലൂടെ നടനായി തുടക്കം കുറിച്ച അദ്ദേഹം, പിന്നീട് മലയാള സിനിമയിലെ സർവകാല റെക്കോഡുകളും തകർത്ത ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ മുൻനിര സംവിധായകരുടെ നിരയിലേക്കും തന്റെ പേര് ചേർത്തുവെച്ചു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഐ നോബഡി’യുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ, ജീവിതത്തിൽ പണത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ് താരം ഇപ്പോൾ.

ഐ നോബഡി.Photo;IMDB

‘പണത്തെക്കുറിച്ച് ഒട്ടും ആകുലപ്പെടേണ്ടാത്ത തരത്തിൽ നാം പ്രാപ്തരാവുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം. നമ്മൾ കാശിയും വാരണാസിയും ഒക്കെ സന്ദർശിച്ചാൽ ഇങ്ങനെയുള്ള ഒരുപാട് മനുഷ്യരെ കാണാൻ സാധിക്കും. അവരെ സംബന്ധിച്ച് പണത്തെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാൻ ഒരു നൂറു രൂപ മാത്രം മതിയായിരിക്കും.

ആ ഒരു അവസ്ഥ കൈവരിക്കാൻ സാധിച്ചാൽ അത് തന്നെയാണ് യഥാർത്ഥ വിജയം. എന്നാൽ പണം ആവശ്യമില്ല എന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല.

പൃഥ്വിരാജ്.Photo:The Indian Express

നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുകയും, അതിലൂടെ മികച്ച വരുമാനം ലഭിക്കുകയും ചെയ്യുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഞങ്ങളൊക്കെ ആ കാര്യത്തിൽ ഏറെ ഭാഗ്യവാന്മാരാണ്. കാരണം, പ്രതിഫലം ലഭിച്ചില്ലെങ്കിൽ പോലും ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. അതിനൊപ്പം അതിന് മികച്ച പ്രതിഫലവും ലഭിക്കുന്നുണ്ട്’, പൃഥ്വിരാജ് പറയുന്നു.

ഐ നോബഡി’ ഈ മാസം 9-ന് റിലീസ് ചെയ്യാനിരിക്കെ, നിരവധി ബിഗ് ബജറ്റ് പ്രൊജക്ടുകളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രാജമൗലിയുടെ വാരണാസി, രാഹുൽ സദാശിവൻ ചിത്രം ഒടിയൻ, ഖലീഫ തുടങ്ങിയ വമ്പൻ പ്രൊജക്ടുകളാണ് പൃഥ്വിരാജിന്റെ ലിസ്റ്റിലുള്ള മറ്റ് ചിത്രങ്ങൾ.

Content Highlight:Prithviraj Sukumaran shares his views on money

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more