| Saturday, 22nd November 2025, 11:07 am

സൂപ്പര്‍ താരങ്ങള്‍ ഒഴിവാക്കിയത് കാരണം എനിക്ക് കിട്ടിയ മികച്ച സിനിമകള്‍; ബഡ്ജറ്റായിരുന്നു അവര്‍ക്ക് പ്രശ്‌നം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി എഴുതിയ തിരക്കഥകള്‍ ബഡ്ജറ്റില്ലാത്തതിനാല്‍ മാത്രം തനിക്ക് കിട്ടിയിരുന്നുവെന്ന് നടന്‍ പൃഥ്വിരാജ്.

ഇത്തരത്തില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചുവെന്നും താരം റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ സിനിമാ നിര്‍മാണത്തെക്കുറിച്ച് പഠിക്കുന്നത് ഫിലിം കാലഘട്ടത്തിലാണ്. അന്ന് ഞാനൊക്കെ ചെയ്യുന്ന സിനിമകളാണ് ഏറ്റവും ചെറിയ സിനിമകള്‍. പലപ്പോഴും നിര്‍മ്മാതാക്കള്‍ക്ക് വലിയ താരങ്ങളെ അഫോഡ് ചെയ്യാന്‍ പറ്റാത്തപ്പോഴാണ് എന്റെയടുത്തേക്ക് വരുന്നത്.

ഞാന്‍ ചെയ്തിട്ടുള്ള ഏറ്റവും നല്ല പല കഥാപാത്രളും വലിയ സൂപ്പര്‍സ്റ്റാറുകളെ ആഗ്രഹിച്ച് എഴുതിയിട്ട് അവരെ കിട്ടാതെ വരുമ്പോള്‍ എന്നാല്‍ പിന്നെ ഇത് ചെറിയ സിനിമയാക്കാം എന്ന ചിന്തയില്‍ എന്നിലേക്ക് വന്ന കഥാപാത്രങ്ങളാണ്,’ പൃഥ്വിരാജ് പറഞ്ഞു.

ഇന്ന് സിനിമ ടെക്നിക്കലി ഒരുപാട് മാറിയിട്ടുണ്ട്. ഷോട്ട് ഡിവിഷന്‍ ചെയ്ത് ഷൂട്ട് ചെയ്തിരുന്ന രീതി ഇന്ന് മാറി. നിങ്ങള്‍ക്ക് ഒരു കാര്യം അല്ലെങ്കില്‍ ഒരു ടെക്നോളജി ലഭ്യമാണെങ്കില്‍ അത് തീര്‍ച്ചയായും ഉപയോഗിക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

എന്റെ ആദ്യത്തെ ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നത് വര്‍ഗം എന്ന ചിത്രത്തിലാണ് . ആ സമയങ്ങളില്‍ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്‍പ് ദിവസവും രാവിലെ എത്ര ഫീറ്റിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടത് എന്ന് ക്യമറമാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇന്ന് ഒരു സിനിമയുടെ സെറ്റില്‍ തന്നെ നാല് ഡിജിറ്റല്‍ ക്യാമറകള്‍ ലഭ്യമാണ്. ഇത് നല്ല കാര്യമാണ്,’ താരം പറയുന്നു.

ജി. ആര്‍ ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരില്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും ഷമ്മി തിലകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. മറയൂരിലെ ചന്ദനക്കടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Content Highlight: Earlier, I used to get films that were rejected by superstars

We use cookies to give you the best possible experience. Learn more