| Tuesday, 1st September 2026, 11:58 am

ബലാത്സംഗത്തിന് ഇരയാകുന്ന പെൺകുട്ടികളുടെ നീതിക്ക് വേണ്ടി വർഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകരുത്; പൃഥ്വിരാജ് സുകുമാരൻ

അജ്മല്‍ കെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയാകുകയും പ്രതി ജുവനൈൽ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യം വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് പൃഥ്വിരാജ് സുകുമാരൻ. ‘ദായ്റ’യുടെ പ്രസ് മീറ്റിൽ ചിത്രത്തിന്റെ പ്രമേയം തന്നെ എത്രത്തോളം ബാധിച്ചുവെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

ഒരു അച്ഛൻ എന്ന നിലയിൽ മാത്രമല്ല, ഭർത്താവായും സുഹൃത്തായും ഉത്തരവാദിത്തമുള്ള ഒരു പൗരനായും ഈ വിഷയം തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. നമ്മളെല്ലാവരും ഈ സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ഒരു അസ്വസ്ഥമാക്കുന്ന യാഥാർഥ്യത്തെയാണ് ‘ദായ്റ’ സംസാരിക്കുന്നതെന്നും, ഒരുദിവസം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൃഥ്വിരാജ് സുകുമാരൻ, കരീന കപൂർ. Photo: Facebook.com

11 വയസ്സുള്ള മകളുടെ അച്ഛനായ തനിക്ക് ഇപ്പോൾ കുട്ടിയോട് എന്താണ് സുരക്ഷിതം, എന്താണ് സുരക്ഷിതമല്ലാത്തത് എന്നതിനെക്കുറിച്ച് സംസാരിക്കേണ്ട ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. ‘നമ്മൾ ഒരു മികച്ച സമൂഹത്തിൽ ആണ് ജീവിക്കുന്നതെങ്കിൽ, ഇത്തരമൊരു സംഭാഷണം മകളുമായി നടത്തേണ്ടി വരില്ലായിരുന്നു. പക്ഷേ നമ്മൾ അത്തരമൊരു ലോകത്തല്ല ജീവിക്കുന്നത്,’ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

എന്നാൽ ഇത്തരം കാര്യങ്ങൾ പെൺകുട്ടികളോട് മാത്രം സംസാരിച്ചാൽ പോരെന്നും ആൺകുട്ടികളോടും അതേ ഗൗരവത്തിൽ സംസാരിക്കണമെന്നും താരം വ്യക്തമാക്കി. ഈ വിഷയത്തിൽ പുരുഷന്മാർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും സമൂഹത്തിൽ ഈ സംഭാഷണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ പുരുഷന്മാരാണ് കൂടുതൽ പങ്ക് വഹികേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു.

ദായ്റയിൽ പറയുന്ന വിഷയത്തിൽ താൻ ഏത് വശത്ത് നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന ചോദ്യത്തിന് ‘നീതിയുടെ വശം മാത്രമാണ് എനിക്ക് തിരഞ്ഞെടുക്കാനാകുക’ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘നിയമത്തിന്റെയും നീതിയുടെയും രണ്ട് വശങ്ങളായി ഇതിനെ കാണാനാകില്ലെന്നും, പ്രശ്നം നീതി നടപ്പാക്കുന്ന രീതിയിലാണെന്നും,’ അദ്ദേഹം പറഞ്ഞു.

ദായ്റ,പൃഥ്വിരാജ്. Photo: Facebook.com

നമ്മുടെ നീതിവ്യവസ്ഥയിൽ നീതി ലഭിക്കുന്ന പ്രക്രിയ പലപ്പോഴും വളരെ സങ്കീർണവും സാവധാനത്തിലുമാണ്. വർഷങ്ങളോളം നീതിക്കായി കാത്തിരിക്കേണ്ടി വരുമ്പോൾ അതിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. കുറ്റവാളിയായാലും ഇരയായാലും സാധാരണ പൗരനായാലും എല്ലാവരും ഒരേ നിയമവ്യവസ്ഥയുടെ ഭാഗമാണെന്നും, നീതി കൂടുതൽ വേഗത്തിലും വ്യക്തമായും വർഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമില്ലാതെ ലഭിക്കുന്ന ഒരു സംവിധാനമാണ് നമുക്ക് ആവശ്യമെന്നും താരം പറഞ്ഞു.

Content Highlight: Prithviraj Sukumaran opens up about social justice and the law in connection with Daayra Movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more