| Monday, 28th July 2025, 3:16 pm

വെള്ളിത്തിര ഇറങ്ങിയ സമയം; സിനിമയുടെ ശക്തി ഞാന്‍ മനസിലാക്കിയത് അന്ന്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയം, സംവിധാനം, നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ ഒരുപോലെ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച വ്യക്തികളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോള്‍ സിനിമയോട് പ്രണയം തോന്നിയ നിമിഷം നിങ്ങള്‍ക്ക് ഇപ്പോഴും ഓര്‍മയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അദ്ദേഹം.

ചിലപ്പോള്‍ താന്‍ പറയുമ്പോള്‍ അത് ചെറിയ കാര്യമായി തോന്നാമെന്നും എന്നാല്‍ തന്നെ സിനിമയുമായി പ്രണയത്തില്‍ ആക്കിയത് ‘സക്‌സസ്’ ആണെന്നും പൃഥ്വി പറയുന്നു. സിനിമ എത്രത്തോളം ശക്തമാണെന്നുള്ള തിരിച്ചറിവാണ് താന്‍ സക്‌സസ് എന്നത് കൊണ്ട് ഉദേശിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് തോന്നുന്നത് അതെന്റെ നാലാമത്തെയോ അഞ്ചാമത്തെയോ സിനിമ ആയിരുന്നു എന്നാണ്. ആ സിനിമയുടെ പേര് വെള്ളിത്തിര എന്നായിരുന്നു. ഭദ്രന്‍ സാറായിരുന്നു ആ സിനിമ സംവിധാനം ചെയ്തിരുന്നത്. ഗുഡ്‌നൈറ്റ് മോഹന്‍ സാര്‍ ആയിരുന്നു ഈ സിനിമ നിര്‍മിച്ചിരുന്നത്.

ഒരു യുവനടന്‍ എന്ന നിലയില്‍ എനിക്ക് ലഭിച്ച വലിയ അവസരങ്ങളില്‍ ഒന്നുതന്നെയായിരുന്നു അത്. കാരണം അത്രയും ബഹുമാന്യരായ ചലച്ചിത്ര നിര്‍മാതാക്കളില്‍ ഒരാളാണ് ഒരു യുവ നടനെ നായകനാക്കി ഇത്രയും വലിയ കൊമേഷ്യല്‍ എന്റര്‍ടൈനര്‍ നിര്‍മിച്ചത്,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

വെള്ളിത്തിര ഇറങ്ങിയ ദിവസം താന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും അന്ന് നാഷണല്‍ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ജയരാജ് തന്നെ കാണാന്‍ വന്നുവെന്നും നടന്‍ പറഞ്ഞു. അന്ന് താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ റൂമില്‍ വെച്ചാണ് തങ്ങള്‍ പരസ്പരം കണ്ടതെന്നും പൃഥ്വി പറയുന്നുണ്ട്.

‘അന്ന് പക്ഷെ എനിക്ക് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. എന്റെ ആ മുറിയില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ നമ്മുടെ സിനിമ റിലീസ് ചെയ്ത ഒരു വലിയ തിയേറ്റര്‍ കാണാമെന്ന കാര്യം. കാരണം ആ സമയത്ത് എന്റെ മുറിയിലെ കര്‍ട്ടനുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു.

ജയരാജ് സാര്‍ എന്റെ അടുത്ത് വന്നതും ‘ഇന്ന് എന്താണ് സംഭവിച്ചതെന്ന് അറിയുമോ’യെന്ന് ചോദിച്ചു. എനിക്ക് ഒന്നും അറിയില്ലായിരുന്നു. അദ്ദേഹം വന്നിട്ട് എന്റെ മുറിയിലെ കാര്‍ട്ടന്‍ മാറ്റി കാണിച്ചു. അപ്പോഴാണ് കൊച്ചിയിലെ റോഡില്‍ ഒരു വലിയ ജനക്കൂട്ടത്തെ ഞാന്‍ കാണുന്നത്.

അത് ശരിക്കും ഒരു തിരിച്ചറിവിന്റെ സമയമായിരുന്നു. സിനിമക്ക് ഇത്ര മാത്രം ശക്തിയുണ്ടെന്ന് ഞാന്‍ മനസിലാക്കിയ നിമിഷമായിരുന്നു. അതേസമയം ഞാന്‍ സിനിമയുമായി പ്രണയത്തിലായത് എവിടെയാണെന്ന് ചോദിച്ചാല്‍ എനിക്ക് ഓര്‍മയില്ല എന്നതാണ് സത്യം,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.


Content Highlight: Prithviraj Sukumaran is answering the question, Do you still remember the moment you fell in love with cinema

We use cookies to give you the best possible experience. Learn more