| Wednesday, 17th June 2026, 11:30 am

ഒടിയന്‍ കൂടെയെത്തി; ലിസ്റ്റില്‍ വെടിക്കെട്ട് ഐറ്റങ്ങള്‍ സ്റ്റോക്ക് ചെയ്ത് പൃഥ്വിരാജ്

അശ്വിന്‍ രാജേന്ദ്രന്‍

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ശേഷം മലയാള സിനിമയില്‍ വലിയ സ്റ്റാര്‍ വാല്യൂ ഉള്ള അഭിനേതാവാണ് പൃഥ്വിരാജ്. മലയാള സിനിമയില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ തന്റെതായ സ്ഥാനം കണ്ടെത്തിയ പൃഥ്വി ഹിന്ദി ചിത്രങ്ങളിലും തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. 2023ല്‍ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം സലാര്‍ പാര്‍ട്ട് വണ്ണില്‍ ശ്രദ്ധേയ വേഷമായിരുന്നു താരം കൈകാര്യം ചെയതിരുന്നത്.

എന്നാല്‍ ഏവരും ഉറ്റുനോക്കുന്നത് താരത്തിന്റെതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഒടിയന്‍ എന്ന ചിത്രത്തിനായിട്ടാണ്. ഡിയസ് ഈറെയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന തരത്തിലും നിര്‍മാതാക്കളായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കരണ്‍ ജോഹാറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ പ്രൊഡക്ഷന്‍സും കൈകോര്‍ക്കുന്നുവെന്ന തരത്തിലും ചിത്രത്തിന് വലിയ ഹൈപ്പാണ് ഇതിനോടകം ലഭിക്കുന്നത്.

പൃഥ്വിരാജ്. Photo: India Today

ഇപ്പോഴിതാ ഒടിയന്റെ പ്രഖ്യാപനവും ഔദ്യോഗികമായി എത്തിയതോടെ വമ്പന്‍ ചിത്രങ്ങളാണ് പൃഥ്വിരാജിന്റെതായി വരാനിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകനായ രാജമൗലിയുടെ ചിത്രമായ വാരണാസിയടക്കം ലിസ്റ്റിലുണ്ടെന്നത് താരത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നു. മഹേഷ് ബാബുവിനെ നായകനാക്കി ആര്‍.ആര്‍.ആറിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് വാരണാസി. ഇന്ത്യയില്‍ ഇതേവരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുള്ള വാരണാസിയില്‍ വില്ലനായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി ശ്രദ്ധ നേടിയ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡിയാണ് താരത്തിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. നേരത്തേ പുറത്തുവന്ന ടീസര്‍ ഒരു മികച്ച ആക്ഷന്‍ ചിത്രമെന്ന തരത്തില്‍ പ്രേക്ഷകരില്‍ ഐ നോബഡിയുടെ ഹൈപ്പുണര്‍ത്തിയിരുന്നു.

എന്നാല്‍ പ്രേക്ഷകര്‍ ഒട്ടാകെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് ഖലീഫ. നിലവില്‍ താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പുള്ള ചിത്രവും ഖലീഫ തന്നെ. മലയാളത്തിലെ ഹിറ്റ് ഡയറക്ടറായ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ അലിയെന്ന സ്വര്‍ണ കടത്തുകാരനായാണ് പൃഥ്വിരാജ് വേഷമിടുന്നത്. ചിത്രത്തില്‍ മാമ്പറക്കല്‍ അഹമ്മദ് അലിയെന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമെന്നും ഏറെക്കുറെ ഉറപ്പായതോടെ ഓണം റിലീസ് ചിത്രങ്ങളില്‍ ഖലീഫ തന്നെ വിജയിക്കും എന്ന പ്രതീക്ഷ പൃഥ്വിരാജ് ആരാധകര്‍ക്കുണ്ട്.

വാരണാസിയില്‍ പൃഥ്വിരാജ്‌. Photo: X.com

നിലവില്‍ ചെയ്ത് കൊണ്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയായാല്‍ പ്രശാന്ത് നീല്‍ സലാര്‍ പാര്‍ട്ട് 2വായിരിക്കും സംവിധാനം ചെയ്യുക എന്നും നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ വാരണാസിക്കൊപ്പം സലാറും ചേര്‍ത്ത് വെക്കാന്‍ താരത്തിന് സാധിക്കും. ഈ ചിത്രങ്ങളെല്ലാം വിജയമായി മാറിയാല്‍ മോഹന്‍ലാല്‍-മമ്മൂട്ടി എന്നിവര്‍ക്ക് ശേഷം മലയാള സിനിമയുടെ അമരത്തേക്ക് കയറിപറ്റാനുള്ള സുവര്‍ണാവസരമാണ് പൃഥ്വിരാജിനുള്ളത്. വാരണാസി വിജയമായാല്‍ താരത്തിന്റെ വരാനിരിക്കുന്ന മലയാള ചിത്രങ്ങള്‍ക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ ബൂസ്റ്റും ലഭിക്കുമെന്നുറപ്പ്.

Content Highlight: Prithviraj strengthen his upcoming list after the announcement of Odiyan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more