| Thursday, 25th June 2026, 11:30 am

കെ.ജി.എഫോ കാന്താരയോ അല്ല, കന്നഡയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം തെരഞ്ഞെടുത്ത് പൃഥ്വി, കൈയടിച്ച് സിനിമാപ്രേമികള്‍

അമര്‍നാഥ് എം.

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ റീച്ച് സ്വന്തമാക്കിയ താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നെ തമിഴില്‍ ഗംഭീര കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്ത പൃഥ്വി പിന്നീട് തെലുങ്കിലും അവിടുന്ന് ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു. മികച്ച വില്ലനുള്ള തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി സിനിമാലോകത്തെ ഞെട്ടിക്കാനും പൃഥ്വിക്ക് സാധിച്ചു.

കഴിഞ്ഞദിവസം തന്റെ ഏറ്റവും പുതിയ ചിത്രമായ ഐ, നോബഡിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് താരം നല്‍കിയ അഭിമുഖം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറി. അഭിമുഖത്തിനിടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളാണ് പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത്.

പൃഥ്വിരാജ് Photo: Screen grab/ The Hollywood Reporter India

അഞ്ച് ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച സിനിമകളെയാണ് പൃഥ്വി നിര്‍ദേശിച്ചത്. ബോളിവുഡില്‍ നിന്ന് താരം തെരഞ്ഞെടുത്തത് അമിതാഭ് ബച്ചന്റെ ക്ലാസിക് ചിത്രം ദീവാറാണ്. തെലുങ്കില്‍ ബാഹുബലി 1നെയും താരം തെരഞ്ഞെടുത്തു. തമിഴില്‍ തേവര്‍ മകനും മലയാളത്തില്‍ ഭൂതക്കണ്ണാടിയുമാണ് പൃഥ്വിയുടെ ഇഷ്ട ചിത്രങ്ങള്‍. കന്നഡയില്‍ നിന്ന് താരം തെരഞ്ഞെടുത്ത് സിനിമ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

ശിവ രാജ്കുമാറിനെ നായകനാക്കി ഉപേന്ദ്ര സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ ഹിറ്റ് ഓം ആണ് കന്നഡയില്‍ നിന്ന് പൃഥ്വി മുന്നോട്ടുവെച്ച ചിത്രം. ഉപേന്ദ്രയുടെ ഗംഭീര വിഷനും ശിവ രാജ്കുമാറിന്റെ പെര്‍ഫോമന്‍സും കൂടി ചേര്‍ന്ന ചിത്രം ക്ലാസിക് ആണെന്ന് പൃഥ്വിരാജ് വിശേഷിപ്പിച്ചു. പൃഥ്വിയുടെ ഈ സെലക്ഷനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

ഓം Photo: Theatrical Poster

കെ.ജി.എഫ്, കാന്താര എന്നീ സിനിമകളില്‍ ഏതെങ്കിലുമൊന്നായിരിക്കും പൃഥ്വി തെരഞ്ഞെടുക്കുകയെന്ന് പലരും കരുതിയെന്നും എന്നാല്‍ അതിനെയെല്ലാം മറികടന്ന് ഓം തെരഞ്ഞെടുത്തത് കൈയടി അര്‍ഹിക്കുന്നെന്നാണ് കമന്റുകളുണ്ട്. കന്നഡ ഇന്‍ഡസ്ട്രിയുടെ ഗതിമാറ്റിയ ചിത്രങ്ങളിലൊന്നായാണ് പലരും ഓമിനെ വിശേഷിപ്പിക്കുന്നത്.

1995ല്‍ പുറത്തിറങ്ങിയ ചിത്രം കാലത്തെ അതിജീവിച്ച് ഇപ്പോഴും ചര്‍ച്ചയാവുകയാണ്. കന്നഡയില്‍ ഏറ്റവുമധികം തവണ റീ റിലീസ് ചെയ്ത ചിത്രമെന്ന റെക്കോഡ് ഓമിന്റെ പേരിലാണ്. 650 വട്ടം ഓം റീ റിലീസ് ചെയ്തിട്ടുണ്ട്. ഏറ്റവുമധികം തവണ റീ റിലീസ് ചെയ്ത സിനിമയെന്ന റെക്കോഡും ഈ ചിത്രത്തിനാണ്. പൃഥ്വിയുടെ അഭിമുഖത്തിന് പിന്നാലെ ഓം വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചു.

ഓം Photo: Theatrical Poster

12 വര്‍ഷം മുമ്പുള്ള അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നോരോന്നായി പൂര്‍ത്തിയാക്കിക്കൊണ്ട് മുന്നോട്ട് പോവുകയാണ് പൃഥ്വിരാജ്. ഇന്ത്യന്‍ സിനിമയുടെ റേഞ്ച് ലോകസിനിമക്ക് മുന്നില്‍ വ്യക്തമാക്കുന്ന രാജമൗലിയുടെ വാരണാസിയിലും പൃഥ്വി ഭാഗമാണ്. ചിത്രത്തിലെ വില്ലന്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

Content Highlight: Prithviraj selected Om as his favorite movie from Kannada Industry

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more