മലയാള സിനിമയിൽ നടൻ എന്നതിലുപരി സംവിധായകൻ, നിർമാതാവ്, എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. ‘ആടുജീവിതം’, ‘വാസ്തവം’, ‘മുംബൈ പൊലീസ്’, ‘എന്ന് നിന്റെ മൊയ്തീൻ’ തുടങ്ങി അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ച അദ്ദേഹം, ‘ലൂസിഫർ’, ‘ബ്രോ ഡാഡി’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനെന്ന നിലയിലും വിജയം സ്വന്തമാക്കി.
വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ‘ഖലീഫ’യുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് താരം. ഇതിനൊപ്പം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഹീസ്റ്റ് ത്രില്ലർ ‘ഐ, നോബഡി’, എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം ‘വാരാണസി’, മേഘ്ന ഗുൽസാറിന്റെ ‘ദായ്റ’, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഒടിയൻ: ദ ഏജ് ഓഫ് ഇല്ല്യൂഷൻ’ എന്നിവയുൾപ്പെടെ നിരവധി വമ്പൻ പ്രോജക്ടുകളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഈ തിരക്കുകൾക്കിടെയാണ് സിനിമയിൽ അവസരം തേടിയെത്തുന്നവർക്ക് തന്നെ നേരിട്ട് സമീപിക്കാമെന്നും, ഇന്നും തനിക്ക് ഒരു മാനേജർ ഇല്ലെന്നും താരം പറയുന്നത്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
പൃഥ്വിരാജ്.photo.screengrab/youtube
‘ഇൻഡസ്ട്രിയിലുള്ള പലരും ഇതിനോട് യോജിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മലയാളത്തിലെ ഏറ്റവും കൂടുതൽ ആക്സസിബിൾ ആയിട്ടുള്ള ആക്ടർ ഞാനാണ്. കാരണം എനിക്ക് ഇപ്പോഴും ഒരു മാനേജർ ഇല്ല. എനിക്ക് വരുന്ന കഥകൾ കേൾക്കാനും വായിക്കാനും അതിൽ നിന്ന് നല്ലത് മാത്രം ഫിൽറ്റർ ചെയ്ത് എന്നിലേക്ക് എത്തിക്കാനും അങ്ങനെ ആരുമില്ല. നിങ്ങൾക്ക് ഒരു കഥ പറയാൻ ഉണ്ടെങ്കിൽ ഡയറക്ടായി എന്നെ തന്നെ സമീപിക്കാം. അത് നിങ്ങളുടെ ഭാഗ്യം പോലെയായിരിക്കും, അതുപോലെ എന്റെ സമയത്തെയും ആശ്രയിച്ചിരിക്കും.
എനിക്ക് കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട നിരവധി കഥകളുടെ ഭാഗമാകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആരെങ്കിലും ഒരു കഥ പറഞ്ഞിട്ട് അത് എനിക്ക് ശരിക്കും ഇഷ്ടമായാൽ, ഞാൻ ആദ്യം പറയുന്നത് എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് തീർച്ചയായും ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ അത് എപ്പോൾ സാധിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ്. അതിന് അവർ ‘ഞങ്ങൾ കാത്തിരിക്കാം’ എന്ന് മറുപടി പറയുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്. പിന്നെ ചെയ്യാനുള്ളത് എന്റെ സമയവും ഷെഡ്യൂളും ഒത്തുചേർത്ത് ആ സിനിമ യാഥാർഥ്യമാക്കാനുള്ള ശ്രമമാണ്,’ എന്ന് പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ്.photo.X