| Monday, 17th November 2025, 8:14 am

ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടുള്ള മികച്ച പെര്‍ഫോമന്‍സിലൊന്നാണ് ബര്‍ഫിയിലെ ജില്‍മില്‍; ഞാന്‍ പ്രിയങ്കയുടെ വലിയ ആരാധകന്‍: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി-മഹേഷ് ബാബു കൂട്ടുക്കെട്ടില്‍ വരുന്ന വാരണാസി. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്ന ചടങ്ങിലാണ് സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ടത്. ബ്രഹ്‌മാണ്ഡ സിനിമയായി എത്തുന്ന വാരണാസിയില്‍ മഹേഷ് ബാബുവിന് പുറമെ പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര എന്നിങ്ങനെ വന്‍താര നിര തന്നെയുണ്ട്.

ചിത്രത്തിലെ പൃഥ്വിരാജിന്റെയും പ്രിയങ്ക ചോപ്രയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സിനിമയുടെ ലോഞ്ചിങ് പരിപാടിയില്‍ പ്രിയങ്ക ചോപ്രയെ കുറിച്ചും മഹേഷ് ബാബുവിനെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്. താന്‍ പ്രിയങ്ക ചോപ്രയുടെ ഒരു വലിയ ആരാധകനാണെന്ന് അദ്ദേഹം പറയുന്നു.

‘ ഞാന്‍ പ്രിയങ്കയുടെ ഒരു വലിയ ആരാധകനാണ്. ബര്‍ഫി എന്ന സിനിമയില്‍ പ്രിയങ്ക അവതരിപ്പിച്ച കഥാപാത്രം ഇന്ത്യന്‍ സിനിമയില്‍ ഞാന്‍ കണ്ടിട്ടുള്ള മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ്. ആ സിനിമകളില്‍ നിന്നും വാരണാസിയിലെ മന്ദാകിനിയിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ കാണാന്‍ കഴിഞ്ഞത് ഒരു പ്രിവിലേജായി ഞാന്‍ കാണുന്നു,’ പൃഥ്വിരാജ് പറയുന്നു.

ഓര്‍മ ശരിയാണെങ്കില്‍ താന്‍ തിയേറ്ററില്‍ പോയി കണ്ട ആദ്യ തെലുങ്ക് സിനിമ പോക്കിരിയാണെന്നും അന്ന് മുതല്‍ ഇന്ന് വരെയുള്ള മഹേഷ് ബാബുവിന്റെ സിനിമായാത്ര വളരെ പ്രചോദനം നല്‍കുന്നതാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ മഹേഷ് ബാബു എന്തുകൊണ്ടും വാരണാസി എന്ന സിനിമ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാരണാസിയില്‍ കുംഭ എന്ന വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ ഓരോ അപ്‌ഡേറ്റും സിനിമാ ലോകത്തെ ആവേശം കൊള്ളിച്ചിരുന്നു. എം.എം കീരവാണിയാണ് സിനിമയുടെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്.

Content highlight: Prithviraj  says he is a big fan of Priyanka Chopra

We use cookies to give you the best possible experience. Learn more