| Friday, 18th September 2026, 3:19 pm

കേരളത്തിന് പുറത്തുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മലയാള സിനിമ ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളു: പൃഥ്വിരാജ് സുകുമാരന്‍

അമര്‍നാഥ് എം.

പത്തു വര്‍ഷം മുമ്പുള്ള അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നോരോന്നായി പൂര്‍ത്തിയാക്കുകയും വിമര്‍ശിച്ചവരുടെ വായടപ്പിക്കുകയും ചെയ്ത നടനാണ് പൃഥ്വിരാജ്. നാല് ഭാഷകളില്‍ അറിയപ്പെടുന്ന നടനാവുകയും മലയാളസിനിമക്ക് കേരളത്തിന് പുറത്ത് വലിയൊരു റീച്ച് സമ്മാനിക്കുന്നതില്‍ പ്രധാനിയാവുകയും ചെയ്യുക എന്ന ലക്ഷ്യം താരം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാരണാസിയില്‍ വില്ലനായിട്ടാണ് പൃഥ്വി വേഷമിടുന്നത്. വാരണാസിക്ക് ശേഷം പൃഥ്വി ജോയിന്‍ ചെയ്ത ഹിന്ദി ചിത്രം ദായ്‌റ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബോളിവുഡിലെ ഗംഭീര സംവിധായകരിലൊരാളായ മേഘ്‌ന ഗുല്‍സാറാണ് ദായ്‌റ സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹിന്ദിയിലെ നിരവധി ചാനലുകള്‍ക്ക് പൃഥ്വിയും സംഘവും അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ദായ്‌റയെക്കുറിച്ച് സംസാരിച്ചതിനെക്കാള്‍ കൂടുതല്‍ മലയാള സിനിമയെ പ്രൊമോട്ട് ചെയ്യുന്നതിലായിരുന്നു താരം ശ്രദ്ധ നല്‍കിയത്. മലയാളിയല്ലാത്ത ഒരാള്‍ക്ക് പൃഥ്വി ഭാഗമാകാത്ത ഏതെങ്കിലും സിനിമ സജസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ഏതാകും നിര്‍ദേശിക്കുക എന്ന ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടി ശ്രദ്ധേയമായി. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ ഭാഗമാകാത്ത ഒരു സിനിമ സജസ്റ്റ് ചെയ്യണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം. ഇത്രയും കാലം ഒരുപാട് ഗംഭീര സിനിമകള്‍ പുറത്തുവന്ന ഇന്‍ഡസ്ട്രിയായതുകൊണ്ട് ഏത് സിനിമ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ നല്ല കണ്‍ഫ്യൂഷനുണ്ട്. സത്യം പറഞ്ഞാല്‍ ഈയടുത്ത് നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യമാണിത്.

എന്നിരുന്നാലും, മലയാളിയല്ലാത്ത, കേരളത്തിന് പുറത്തുള്ള ഒരാള്‍ക്ക് ധൈര്യമായി കാണിച്ചുകൊടുക്കാന്‍ പറ്റുന്ന സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തനാണ്. ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലാണ് ആ ചിത്രം. നിങ്ങളില്‍ എത്രപേര്‍ക്ക് അറിയാമെന്ന് എനിക്കറിയില്ല, ഇന്ത്യയിലെ ആദ്യത്തെ ത്രീ.ഡി സിനിമയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. ത്രീ.ഡി മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ 70MM സിനിമയും ആദ്യത്തെ ടെക്‌നിക്കളര്‍ സിനിമയുമെല്ലാം പിറവിയെടുത്തത് മലയാളത്തിലാണ്. ഇത്തരത്തില്‍ മാജിക്കല്‍ മാര്‍ഗദര്‍ശികള്‍ മലയാള സിനിമയ്ക്ക് ഉണ്ട്,’ പൃഥ്വിരാജ് പറയുന്നു.

താരത്തിന്റെ വാക്കുകള്‍ സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ മലയാളസിനിമയുടെ റേഞ്ച് എത്ര വലുതാണെന്ന് പൃഥ്വി കാണിച്ചെന്ന് പലരും അഭിപ്രായപ്പെടുന്നു. കുട്ടിച്ചാത്തന് പകരം മറ്റ് ചില സിനിമകളും പലരും നിര്‍ദേശിക്കുന്നുണ്ട്. ഗുരു, കാലാപാനി പോലുള്ള സിനിമകളും മോളിവുഡിന് അഭിമാനിക്കാവുന്നതാണെന്ന് കമന്റുകളുണ്ട്.

Content Highlight: Prithviraj saying he would suggest My Dear Kuttichathan for a non Malayali audience

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more