23 വര്‍ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. നായകനായി സിനിമാലോകത്തേക്കെത്തിയ പൃഥ്വിരാജ് ഇന്ന് പാന്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടി നില്‍ക്കുകയാണ്. അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം, പിന്നണിഗാനാലാപനം തുടങ്ങിയ മേഖലകളില്‍ പൃഥ്വി തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ ദുബായില്‍ നടന്ന പരിപാടിയില്‍ പൃഥ്വിരാജ് മലയാളത്തിലെ മികച്ച ഗായകരിലൊരാളായ ജോബ് കുര്യനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. താനും ജോബ് കുര്യനും സഹപാഠികളായിരുന്നെന്നും ഇക്കാര്യം പലര്‍ക്കും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ദുബായില്‍ നടന്ന ഓണ മാമാങ്കത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അച്ഛന്‍ മരിച്ചതിന് ശേഷം സൈനിക് സ്‌കൂളില്‍ നിന്ന് ഞാന്‍ ഭാരതീയ വിദ്യാ ഭവനിലേക്ക് മാറിയിരുന്നു. അന്ന് സ്‌കൂളിലെ സ്റ്റാറായിരുന്നു ജോബ്. ചെറുതായി പാടുമായിരുന്നെങ്കിലും ഞാന്‍ കൂടുതലും ശ്രദ്ധ നല്‍കിയത് പ്രസംഗ മത്സരത്തിലായിരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ പ്രസംഗ മത്സരത്തിന് മാര്‍ക്കറ്റില്ല. പാട്ടിനാണ് മാര്‍ക്കറ്റ്. അതുകൊണ്ടുതന്നെ ജോബിന് ആരാധകരും കൂടുതലായിരുന്നു.
ഞങ്ങള്‍ പ്ലസ് വണ്ണിലോ പ്ലസ് ടുവിലോ എത്തിയ സമയത്താണ് സ്‌റ്റേറ്റ് യൂത്ത് ഫെസ്റ്റിവല്‍ പോലെ സി.ബി.എസ്.ഇ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ പോപ്പുലറാകുന്നത്. ഞാന്‍ അപ്പോഴും പ്രസംഗത്തില്‍ തന്നെയായിരുന്നു. ജോബ് പാടാനുണ്ടായിരുന്നു. ഇവന്റെ പാട്ട് കേള്‍ക്കാന്‍ എല്ലാ സ്‌കൂളില്‍ നിന്നും ആള്‍ക്കാര്‍ വരുമായിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ക്ലാസിക്കല്‍ മ്യൂസിക്കിലായിരുന്നു ഇവന്റെ ശ്രദ്ധ.
ഇവന്‍ സിനിമയിലേക്കെത്തിയതും സംഗീതത്തില്‍ ഒരുപാട് ഉയരത്തിലെത്തിയതും എനിക്ക് സര്‍പ്രൈസായിരുന്നില്ല. സിനിമയെക്കാള്‍ സ്വന്തമായുള്ള മ്യൂസിക് ആല്‍ബങ്ങള്‍ ഇവനുണ്ടാക്കിയപ്പോഴും സര്‍പ്രൈസായില്ല. സംഗീതത്തെ സീരിയസായി കാണുന്ന ജോബിനെ എനിക്കെപ്പോഴും ഓര്‍മയുണ്ട്. ഇവന്റെ കഴിവിന്റെ 10 ശതമാനം പോലും സിനിമയില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് എനിക്ക് പറയാന്‍ സാധിക്കും,’ പൃഥ്വിരാജ് പറയുന്നു.
താന്‍ ആദ്യമായി നിര്‍മിച്ച ഉറുമി എന്ന ചിത്രത്തില്‍ ജോബ് കുര്യന്‍ ഒരു പാട്ട് പാടിയിട്ടുണ്ടെന്നും താരം പറഞ്ഞു. ട്രാക്ക് പാടിയത് കേള്‍ക്കാന്‍ ദീപക് ദേവ് തന്നോട് ആവശ്യപ്പെട്ടെന്നും പുതിയ പാട്ടുകാരനാണെന്ന് അദ്ദേഹം പറഞ്ഞെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ജോബ് കുര്യന്റെ പേര് കേട്ടതും താന്‍ പാട്ട് കേള്‍ക്കുന്നില്ലെന്ന് പറഞ്ഞെന്നും അത് ഉറപ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
‘പുതിയ ആള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ‘ജോബ് കുര്യന്‍’ എന്ന് ദീപക് പറഞ്ഞു. അത് കേട്ടതും അവന്‍ പുതിയ ആളല്ല, എനിക്ക് നല്ല പരിചയമുള്ള ആളാണെന്ന് പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് അന്നാണ് ദീപക് അറിഞ്ഞത്. ഉറുമിക്ക് പുറമെ എമ്പുരാനിലും ജോബ് ഒരു പാട്ട് പാടിയിട്ടുണ്ട്. പക്ഷേ അവന്‍ പാടിയതില്‍ എന്റെ ഫേവറെറ്റ് കലിയിലെ പാട്ടാണ്. ഇന്നും അതെന്റെ പ്ലേലിസ്റ്റിലുണ്ട്,’ പൃഥ്വി പറഞ്ഞു.
Content Highlight: Prithviraj saying he and Job Kurian were classmates