| Monday, 20th April 2026, 7:42 pm

നല്ല വിഗ്ഗിനും താടിക്കും ഇത്ര ക്ഷാമമാണോ, ഒ.ടി.ടിയിലെത്തിയാല്‍ എയറിലാകാന്‍ റെഡിയായി പള്ളിച്ചട്ടമ്പിയിലെ പൃഥ്വിരാജിന്റെ സെക്കന്‍ഡ് ലുക്ക്

അമര്‍നാഥ് എം.

വിഷു റിലീസുകളില്‍ പലരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പള്ളിച്ചട്ടമ്പി. 2018ല്‍ അനൗണ്‍സ് ചെയ്ത ചിത്രം കഴിഞ്ഞവര്‍ഷമാണ് ഷൂട്ട് ആരംഭിച്ചത്. വിഷുദിനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. കണ്ടുശീലിച്ച രക്ഷകന്‍ സിനിമകളുടെ അതേ ടെപ്ലേറ്റാണ് പള്ളിച്ചട്ടമ്പിയുടേത്.

ടൊവിനോ നായകനായ ചിത്രത്തില്‍ കൈയടി ലഭിച്ച രംഗങ്ങളിലൊന്നായിരുന്നു പൃഥ്വിരാജിന്റെ അതിഥിവേഷം. പക്കാ നെഗറ്റീവ് ഷെയ്ഡുള്ള പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വി വേഷമിട്ടത്. പത്ത് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈയടുത്ത് കണ്ട ഏറ്റവും മികച്ച വില്ലന്മാരിലൊരാളായിരുന്നു പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാര്‍.

പൃഥ്വിരാജ് Photo: Screen grab/ Sony Music Malayalam

രണ്ട് ലുക്കിലാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടത്. ഷര്‍ട്ട്‌ലെസ്സായിട്ടുള്ള ആദ്യ ലുക്ക് പലരെയും ഞെട്ടിച്ചു. ആടുജീവിതത്തിനായി പകരം വെക്കാനാകാത്ത ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയ പൃഥ്വി തന്റെ മസില്‍ ബോഡി വീണ്ടെടുത്തുകൊണ്ടായിരുന്നു പള്ളിച്ചട്ടമ്പിയിലെത്തിയത്. നന്മ തൊട്ടുതീണ്ടിയില്ലാത്ത അതികായന്‍ എന്ന വിശേഷണം കൃത്യമായി ചേരുന്ന ലുക്കിന്റെ എല്ലാ പോസിറ്റീവും ഇല്ലാതാക്കിക്കൊണ്ടായിരുന്നു രണ്ടാമത്തെ ലുക്ക്.

പ്രായമായി, താടി വളര്‍ത്തിയ രൂപത്തിലാണ് കുഞ്ഞമ്പു നമ്പ്യാര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പൃഥ്വിക്ക് ഒട്ടും ചേരാത്ത വിഗ്ഗും താടിയുമായിരുന്നു ഈ സീനില്‍. അതുവരെയുണ്ടായിരുന്ന എല്ലാ ഇംപ്രഷനുകളും ഇല്ലാതാക്കുന്ന തരത്തിലായിപ്പോയി ഈ ലുക്ക്. മലയാളസിനിമയില്‍ നല്ല വിഗ്ഗിനും താടിക്കും ഇത്രക്ക് ക്ഷാമമാണോ എന്ന് ചിന്തിച്ചുപോയി.

പൃഥ്വിരാജ് Photo: Prothvi Angels/ Facebook

‘ഏഷ്യാനെറ്റില്‍ ജേര്‍ണലിസ്റ്റായിരുന്ന ടി.എന്‍. ഗോപകുമാറിന്റെ ഡ്യൂപ്പാണോ’, ‘അടുത്ത ക്രിസ്മസിന് വരാന്‍ പോകുന്ന സാന്റാ ക്ലോസാണോ’ എന്നിങ്ങനെയാണ് ഈ ഗെറ്റപ്പിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന കമന്റുകള്‍.

ഇതാദ്യമായല്ല, പൃഥ്വിരാജ് വിഗ്ഗിന്റെ പേരില്‍ ട്രോളുകളേറ്റുവാങ്ങുന്നത്. 2017ല്‍ പുറത്തിറങ്ങിയ മൈ സ്റ്റോറിയില്‍ പൃഥ്വിരാജിന്റെ ഗെറ്റപ്പുകള്‍ ട്രോളിനിരയായി. ജെയിംസ് ആന്‍ഡ് ആലീസ്, വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളില്‍ മോശം വിഗ്ഗായിരുന്നു പൃഥ്വിയുടേത്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി പള്ളിച്ചട്ടമ്പിയിലെ പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാര്‍.

ഏറെക്കാലത്തിന് ശേഷം പൃഥ്വിരാജിനെ അങ്ങേയറ്റം മാസായി കാണിക്കുന്ന പ്രൊജക്ടുകളാണ് ഇനി വരാന്‍ പോകുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിലെ അമീര്‍ അലി, രാജമൗലിയുടെ വാരണാസിയിലെ കുംഭ എന്നീ കഥാപാത്രങ്ങള്‍ പൃഥ്വിയുടെ മാസ് ഓറ എടുത്തുകാണിക്കുന്നതാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Prithviraj’s second look in Pallichattambi getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more