മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ് സുകുമാരൻ . സിനിമ ജീവിതം പോലെ തന്നെ വ്യക്തി ജീവിതവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഇപ്പോളിതാ താരത്തിന്റെ പഴയ ഒരു അഭിമുഖ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.
പ്രണയം, വിവാഹം, വ്യക്തിപരമായ ആശയങ്ങൾ എന്നിവയെക്കുറിച്ച് തുറന്ന് പറഞ്ഞ പൃഥ്വിരാജിന്റെ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്.
പൃഥ്വിയുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർക്ക് സുപരിചിതമാണ്. താരത്തിന്റെ ജീവിത വിജയത്തിന് പിന്നാലെ കരുത്തായി എന്നും കൂടെയുണ്ടായിരിക്കുന്നത് ഭാര്യ സുപ്രിയ മേനോൻ ആണ്. ഇന്നും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പൃഥ്വിയും സുപ്രിയയും.
പൃഥ്വിരാജ്, സുപ്രിയ മേനോൻ, Photo: Prithviraj Sukumaran/ Facebook
എന്നാൽ തന്റെ ജീവിതത്തിലേക്ക് സുപ്രിയ കടന്നുവരുന്നതിന് മുമ്പ് മറ്റൊരു പെൺകുട്ടിയോട് പ്രണയം തോന്നിയിരുന്നുവെന്ന് താരം ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയിൽ പഠിച്ചിരുന്ന സമയത്തുണ്ടായ അനുഭവമായിരുന്നു അത്. വർഷങ്ങൾക്ക് മുമ്പ് അമൃത ടി.വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഈ അനുഭവം പങ്കുവച്ചത്.
‘എനിക്ക് ഒരു ശരാശരി ചെറുപ്പക്കാരന്റെ ക്യാമ്പസ് ജീവിതം ലഭിച്ചിട്ടില്ല. ഞാൻ സ്കൂൾ കഴിഞ്ഞിട്ട് ഓസ്‌ട്രേലിയയിലേക്ക് പോയി. അവിടുത്തെ ക്യാമ്പസ് ലൈഫ് കംപ്ലീറ്റ്ലി ഡിഫറന്റാണ്, ഒരു ഓഫീസിൽ പോകുന്ന ഒരു പ്രതീതിയാണ്.
എനിക്കെന്റെ മെമ്മറീസ് എന്ന് പറയുന്നത് സ്കൂൾ മാത്രമേയുള്ളു. സാധാരണ ക്യാമ്പസ് ജീവിതം മിസ് ചെയ്തതുകൊണ്ടുള്ള കുഴപ്പങ്ങളായിരിക്കാം എന്റെ പേഴ്സണാലിറ്റിയിൽ ഉള്ളത്.
പൃഥ്വിരാജ് കുടുംബം, Photo: Prithviraj Sukumaran/ Fcaebook
വളരെ നേരത്തെ വളർന്നുപോയ കുട്ടിയാണ് ഞാൻ. ഈ ഫാൻസ് എന്ന് പറയുന്നത് യഥാർത്ഥത്തിൽ എന്റെ ഫാൻസ് അല്ല, അവർ മനസിൽ കൊണ്ടുനടക്കുന്നത് അവർ കണ്ട കഥാപാത്രങ്ങളിലെ പൃഥ്വിരാജിനെയാണ്. യഥാർത്ഥ പൃഥ്വിരാജിനെ അറിയുമ്പോൾ പലരും ഡിസപ്പോയിന്റഡ് ആകാം,’ പൃഥ്വിരാജ് പറഞ്ഞു.
ഓസ്‌ട്രേലിയയിൽ ‘ജൂൺ’ എന്ന പേരിലുള്ള ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നുവെന്ന അവതാരകയുടെ ചോദ്യത്തോടും താരം പ്രതികരിച്ചു.
‘എനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു. പക്ഷേ അവൾ ഒരു ലെസ്ബിയൻ ആയിരുന്നു. അവൾ ഒരു ലെസ്ബിയൻ അല്ലാതിരുന്നെങ്കിൽ ഉറപ്പായും ഞാൻ അവളെ ഇഷ്ടപ്പെടുമായിരുന്നു. ഒന്നാമത് അവൾക്ക് നല്ല സൗന്ദര്യം ഉണ്ടായിരുന്നു. രണ്ടാമത് അവൾ വളരെ ഇന്റലിജന്റ് ആയിരുന്നു. ആ സമയം ഞാൻ വളരെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
വീട്ടിൽ നിന്ന് മാറി നിൽക്കുന്ന അവസ്ഥയിൽ എന്റെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് അവളായിരുന്നു. എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നതും, എന്നെ കൊണ്ട് ആദ്യമായി ഒരു ഡിഷ് ഉണ്ടാക്കാൻ പഠിപ്പിച്ചതും ജൂൺ തന്നെയാണ്. അവൾ നല്ല കുട്ടിയാണ്,’ താരം പറഞ്ഞു.
നന്ദനം സിനിമ, Photo: YouTube/ Screengrab
വിവാഹത്തെക്കുറിച്ചും താരം അന്ന് തുറന്നുപറഞ്ഞിരുന്നു. ‘കല്യാണത്തെക്കുറിച്ച് ഇപ്പോൾ ഒരു ആലോചനയും ഇല്ല. എല്ലാവരും ചോദിച്ചു തുടങ്ങി 25 വയസായില്ലേ, ചേട്ടന്റെ കല്യാണം കഴിഞ്ഞു, ഞാൻ മാത്രമാണ് കസിൻസിൽ ഇനി ബാക്കി. എന്തായാലും ഒരു അറേഞ്ചഡ് മാരേജിനോട് താൽപര്യമില്ല.
എന്റെ കല്യാണം ഒരുപാട് വൈകുമോ എന്നൊരു സംശയമുണ്ട്. ഇപ്പോൾ ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നാൽ അത് ആ പെൺകുട്ടിയോട് കാണിക്കുന്ന ക്രൂരതയായിരിക്കും.
ഒരു വൈഫ് എന്ന് പറയുമ്പോൾ അവൾക്ക് എന്റെ സമയം ഡിസർവ് ചെയ്യില്ലേ? ഇപ്പോൾ എനിക്ക് അത് കൊടുക്കാൻ കഴിയില്ല. എനിക്ക് ഒരുപാട് പെൺകുട്ടികളോട് ഇൻഫാക്ച്വേഷൻ തോന്നിയിട്ടുണ്ട്.
എന്റെ കൂടെ അഭിനയിച്ച നായികമാരെല്ലാം സുന്ദരികളാണ്. അവരുടെ ഭംഗിയുടെ പുറത്ത് ഒരു ഇഷ്ടം തോന്നാം, എന്നാൽ ഒരു പ്രണയം ആയി ആരോടും തോന്നിയിട്ടില്ല,’ പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
തന്റെ കരിയറിനെക്കുറിച്ചും വലിയ സ്വപ്നങ്ങൾ അന്ന് തന്നെ പങ്കുവച്ചിരുന്നു താരം.’ഒരു അഞ്ചു വർഷം കഴിഞ്ഞാൽ ഞാൻ കുറച്ച് സിനിമകൾ ഡയറക്ട് ചെയ്യും, നിർമാണ രംഗത്തും ഉണ്ടാകും. ചുരുങ്ങിയത് അഞ്ച് ഭാഷകളിലെങ്കിലും എന്റെ പേര് അറിയപ്പെടും.
അന്ന് ഒരു മലയാളം സിനിമ എന്നെ വെച്ച് ചെയ്യുകയാണെങ്കിൽ ഞാൻ മിനിമം 10 കോടി രൂപയെങ്കിലും വാങ്ങും. അങ്ങനെയെത്തിയാൽ ഇന്ന് മലയാളം സിനിമയിൽ കാണാത്ത ഒരുപാട് കാര്യങ്ങൾ അന്ന് കാണാൻ കഴിയും,’ പൃഥ്വിരാജ് ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു.
വർഷങ്ങൾക്കിപ്പുറം ആ വാക്കുകളെല്ലാം യാഥാർത്ഥ്യമായതായാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. നടനായി മാത്രമല്ല, സംവിധായകനായും നിർമാതാവായും തന്റെ സാന്നിധ്യം ശക്തമായി അറിയിച്ച പൃഥ്വിരാജിന്റെ ഈ പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Content Highlight: Prithviraj’s old video goes viral