| Friday, 8th August 2025, 2:56 pm

ഇതാര്, ചോക്ലേറ്റിലെ ശ്യാമല്ലേ... ഖലീഫക്ക് വേണ്ടി ചുള്ളനായി പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന് ശേഷം വീണ്ടും അഭിനയത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാന്‍ റിലീസ് ചെയ്ത് മൂന്ന് മാസത്തോളം താരം സോഷ്യല്‍ മീഡിയയിലൊന്നും സാന്നിധ്യമറിയിച്ചിരുന്നില്ല. എസ്.എസ്. രാജമൗലിയുടെ ചിത്രത്തിന്റെ ഷെഡ്യൂളിന് ശേഷമാണ് താരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ഒരേസമയം നാല് സിനിമകളുടെ തിരക്കിലാണ് നിലവില്‍ പൃഥ്വിരാജ്. ബോളിവുഡ് ചിത്രം സര്‍സമീന്റെ പ്രൊമോഷന് ശേഷം എസ്.എസ്.എം.ബി 29ന്റെ പുതിയ ഷെഡ്യൂളിനായി പൃഥ്വി ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലും പോയിരുന്നു. കഴിഞ്ഞദിവസം മലയാളചിത്രം ഖലീഫയുടെ ഷൂട്ടിനായി പൃഥ്വി ലണ്ടനിലെത്തി.

ടര്‍ബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. പോക്കിരി രാജക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഖലീഫക്കുണ്ട്. 2022ലാണ് ചിത്രം അനൗണ്‍സ് ചെയ്തത്. വിദേശരാജ്യങ്ങള്‍ പ്രധാനലൊക്കേഷനായെത്തുന്ന ചിത്രം പല കാരണങ്ങളാല്‍ വൈകുകയായിരുന്നു.

ചിത്രത്തില്‍ പൃഥ്വിയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബുള്‍ഗാന്‍ താടിയുമായാണ് പൃഥ്വി ഖലീഫയില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഹിറ്റ് ചിത്രമായ ചോക്ലേറ്റിലെ ശ്യാം എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ലുക്കാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നത്. ഓരോ സിനിമയിലും വ്യത്യസ്തമായ ലുക്കിലെത്താന്‍ താരം ശ്രദ്ധിക്കുന്നു എന്നും ചിലര്‍ കമന്റ് പങ്കുവെച്ചിട്ടുണ്ട്.

ദുബായ്‌യിലും നേപ്പാളിലുമായണ് ചിത്രം ഇനി പുരോഗമിക്കുക. ലണ്ടനിലെ ഷെഡ്യൂളിന് ശേഷം പൃഥ്വിരാജ് അടുത്ത ചിത്രമായ നോബഡിയുടെ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. പാര്‍വതി തിരുവോത്താണ് നായിക. അനിമലിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന് ദേശീയ അവാര്‍ഡ് നേടിയ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വറാണ് നോബഡിയുടെ സംഗീതം.

നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയാണ് പൃഥ്വിയുടെ അടുത്ത റിലീസ്. ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവല്‍ സിനിമയാക്കാന്‍ ആദ്യം ആഗ്രഹിച്ചത് സച്ചിയായിരുന്നു. ഗുരുവായൂരമ്പല നടയിലിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫിയും പൃഥ്വിയുടെ ലൈനപ്പിലുണ്ട്.

Content Highlight: Prithviraj’s look in Khalifa movie viral

We use cookies to give you the best possible experience. Learn more